❝കൊൽക്കത്തയിൽ കൊടുങ്കാറ്റായി സഞ്ജു സാംസൺ ,ആദ്യ പന്തിൽ സിക്സോടെ തുടങ്ങി❞ |Sanju Samson

ഐപിഎൽ 15-ാം പതിപ്പിന്റെ ക്വാളിഫയർ 1 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഓപ്പണർ യശാവി ജയിസ്വാളിന്റെ വിക്കറ്റ് അതിവേഗം നഷ്ടമായത് ഇന്നിംഗ്സിന്റെ തുടക്കത്തിൽതന്നെ തിരിച്ചടിയായി.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ യാഷ് ദയാലിന്റെ ബോളിന് നേരെ ഓഫ് സൈഡിലേക്ക് ഷോട്ട് എടുക്കാൻ ശ്രമിച്ച യശാവി ജയിസ്വാളിനെ വൃദ്ധിമാൻ സാഹ ക്യാച്ച് എടുക്കുകയായിരുന്നു. 8 ബോളിൽ 3 റൺസാണ് ജയിസ്വാളിന്റെ സമ്പാദ്യം. ആദ്യ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ മൂന്നാമനായി ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തി.

പിന്നീട്, സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിലുള്ള കലിപ്പ് ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർക്കെതിരെ തീർക്കുന്ന കാഴ്ചയാണ് കണ്ടത്. നേരിട്ട ആദ്യ പന്ത്‌ തന്നെ, യാഷ് ദയാലിനെ സിക്സ് പറത്തിയ സഞ്ജു രാജസ്ഥാൻ റോയൽസ്‌ ക്യാമ്പിനെ ആഹ്ലാദത്തിമിർപ്പിലാക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ തുടർച്ചയായി രണ്ട് ബൗണ്ടറി കണ്ടെത്തിയ സഞ്ജു, അതിനുശേഷമുള്ള ഇന്നിംഗ്സിന്റെ ആറാം ഓവറിൽ അൽസാരി ജോസഫിനെ രണ്ട് തവണ ബൗണ്ടറിക്ക് മുകളിലൂടെ സ്റ്റേഡിയത്തിലേക്ക് പറത്തി.

പവർ പ്ലേയുടെ അവസാന ഓവറുകളിൽ സഞ്ജു സാംസൺ കൊടുങ്കാറ്റായി ആഞ്ഞു വീശിയതോടെ, രാജസ്ഥാൻ റോയൽസ് സ്കോർബോർഡിൽ അധിവേഗം റൺസ് ഉയർത്തി. എന്നാൽ, പവർ പ്ലേക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ, ബൗളിംഗ് ആക്രമണം സ്പിന്നർമാരെ ഏൽപ്പിച്ചതോടെ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് ആക്രമണ ശമിച്ചു. റാഷിദ് ഖാനും സായ് കിഷോറും ബൗളിംഗ് ആക്രമണം ഏറ്റെടുത്തതോടെ സഞ്ജു സാംസണും കൂടുതൽ ഡിഫൻസിലേക്ക് വലിഞ്ഞു.

ഒടുവിൽ 10-ാം ഓവറിലെ അഞ്ചാം ബോളിൽ, സായ് കിഷോറിന്റെ സ്റ്റോക്ക് ബോൾ ഉയർത്തി അടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ലോങ്ങ്‌ ഓണിൽ അൽസാരി ജോസഫ് പിടികൂടി. 26 പന്തിൽ 5 ഫോറും 3 സിക്സും സഹിതം 180.77 സ്ട്രൈക്ക് റേറ്റോടെ 47 റൺസാണ് സഞ്ജു നേടിയത്. ഈ ഇന്നിംഗ്സോടെ ടൂർണ്ണമെന്റിൽ  സഞ്ജു സാംസൺ 400 റൺസ് കണ്ടെത്തി. 15 ഇന്നിംഗ്സുകളിൽ 421 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.