❝സഞ്ജു സാംസൺ ഇനി രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും ടോപ്സ്കോറർ❞ |Sanju Samson

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനായി. നിലവിലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ 2812 റൺസ് നേടിയാണ്, മുൻ രാജസ്ഥാൻ റോയൽസ് ബാറ്റർ അജിങ്ക്യ രഹാനെയെ മറികടന്ന് ഫ്രാഞ്ചൈസിയുടെ റൺ വേട്ടക്കാരുടെ പട്ടികയിൽ തലപ്പത്തെത്തിയത്.

ചൊവ്വാഴ്ച്ച (മെയ്‌ 24) കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ 1 മത്സരത്തിലാണ് സഞ്ജു സാംസൺ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 26 പന്തിൽ 47 റൺസാണ് സഞ്ജു നേടിയത്. ഇതോടെ, 108 മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചിട്ടുള്ള സഞ്ജു സാംസൺ 29.91 ശരാശരിയിലാണ് 2,812 റൺസ് നേടിയത്. ഇതിൽ, രണ്ട് സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർ ബാറ്ററുടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ 119 റൺസാണ്.

സഞ്ജുവിന്റെ പിറകിലായി, 2810 റൺസാണ് അജിങ്ക്യ രഹാനെ നേടിയത്. ഷെയ്ൻ വാട്‌സൺ (2,372), ജോസ് ബട്ട്‌ലർ (2,159), രാഹുൽ ദ്രാവിഡ് (1,276) എന്നിവരാണ് രാജസ്ഥാൻ റോയൽസിന്റെ മറ്റ് ടോപ് സ്‌കോറർമാർ. 2016-17 സീസണുകളിൽ ഡെൽഹി ക്യാപിറ്റൽസിനായി സഞ്ജു കളിച്ചിട്ടുണ്ട്. അതുകൂടി ചേർത്താൽ ഐപിഎല്ലിൽ 29.32 ശരാശരിയിൽ 3,489 റൺസാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ചുറികളും 17 അർധസെഞ്ചുറികളും ഐപിഎൽ കരിയറിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഐപിഎൽ ചരിത്രത്തിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ 17-ാം സ്ഥാനത്താണ് സഞ്ജു സാംസൺ.

നിലവിലെ സീസണിൽ, സഞ്ജു തന്റെ ടീമിനായി നിരവധി നിർണായക ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ 15 ഇന്നിംഗ്സുകളിൽ നിന്ന് 30.07 ശരാശരിയിൽ 150.35 സ്‌ട്രൈക്ക് റേറ്റോടെ രാജസ്ഥാൻ റോയൽസ് നായകൻ 421 റൺസ് നേടിയിട്ടുണ്ട്. ഈ സിസണിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ പതിമൂന്നാം സ്ഥാനത്താണ് സഞ്ജു സാംസൺ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ക്വാളിഫയർ 2ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാൻ തയ്യാറെടുക്കുകയാണ് രാജസ്ഥാൻ റോയൽസ്.

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ദേശീയ ടീമിൽ സഞ്ജുവിന് ഇടം നൽകാത്തത് വിവാദമായിരുന്നു. ഹർഷ ഭോഗ്ലെയടക്കമുള്ള പ്രമുഖർ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പകരം സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും ടീമിൽ ഇടംനേടുമെന്നാണ് താൻ കരുതിയിരുന്നത് എന്നാണ് ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് സഞ്ജുവിനെ പരിഗണിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഭോഗ്ലെ വ്യക്തമാക്കി.