❝സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്കൊ? ഇന്ത്യൻ ടീം നായകൻ പുറത്ത്❞ |Sanju Samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ക്യാപ്റ്റൻ കെഎൽ രാഹുലും സ്പിന്നർ കുൽദീപ് യാദവും പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഇതോടെ, കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ക്യാപ്റ്റനായും ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായും ബിസിസിഐ തിരഞ്ഞെടുത്തു.

ഗ്രോയിൻ ഇഞ്ചുറിയെ തുടർന്നാണ് കെഎൽ രാഹുൽ ടീമിൽ നിന്ന് പുറത്തായത്. ഇന്നലെ വൈകുന്നേരം നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടയിൽ വലതു കൈയ്യിന് പരിക്കേറ്റതാണ് കുൽദീപ് യാദവിന് തിരിച്ചടിയായത്. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് സെലക്ട്ർമാർ ഇന്ത്യൻ ടീം പ്രഖ്യാപിച്ചത്. എന്നിരുന്നാലും, പ്രഖ്യാപിച്ച ടീമിലെ സീനിയർ താരങ്ങളായ കുൽദീപ് യാദവിനും കെഎൽ രാഹുലിനും പരിക്കേറ്റത് ഇന്ത്യൻ ടീമിന് എത്രത്തോളം തിരിച്ചടിയാകുമെന്ന് കണ്ടറിയണം.

എന്നാൽ, ടീമിൽ നിന്നുള്ള കെഎൽ രാഹുലിന്റെ പിന്മാറ്റത്തോടെ രാഹുലിന്റെ പകരക്കാരനായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിൽ എത്താൻ സാധ്യതകളും തെളിയുന്നുണ്ട്. നേരത്തെ, ടീം പ്രഖ്യാപനത്തിൽ സഞ്ജുവിനെ തഴഞ്ഞതിൽ മുൻ ഇന്ത്യൻ താരങ്ങളിൽ നിന്നടക്കം സെലക്ടർമാർ വിമർശനം നേരിട്ടിരുന്നു. കുൽദീപ് യാദവിന്റെ പകരക്കാരനായി ഒരു യുവ സ്പിന്നർക്ക് അവസരം നൽകാനായിരിക്കും സാധ്യത.

ഇന്ത്യ സ്‌ക്വാഡ് : ഋഷഭ് പന്ത് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക് (WK), ഹാർദിക് പാണ്ഡ്യ (വിസി), വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ആർ ബിഷ്‌ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്