❝സഞ്ജു ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു ; മലയാളി ആരാധകർക്ക് സന്തോഷവാർത്ത❞ |Sanju Samson

ഐപിഎൽ 2022-ന്റെ രണ്ടു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീം അന്താരാഷ്ട്ര ക്രിക്കറ്റ് തിരക്കുകളിലേക്ക് മടങ്ങുകയാണ്. ജൂൺ 9-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യൻ ടീം തങ്ങളുടെ അന്താരാഷ്ട്ര ക്യാമ്പയിനിന് തുടക്കം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ അയർലൻഡിനെതിരെ രണ്ട് മത്സരങ്ങൾ അടങ്ങുന്ന ഒരു ടി20 പരമ്പരയും ഇന്ത്യ ഈ മാസം കളിക്കും.

ജൂലൈ 1-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരവും തുടർന്ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും അടുത്ത് വരുന്നതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ അംഗങ്ങളായ കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ, സെലക്ടർമാർ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ തഴഞ്ഞത് സഞ്ജുവിന്റെ ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിന്റെ ആരാധകർക്ക് ഒരു സന്തോഷം സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അതായത്, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങൾ അടങ്ങിയ അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ ഉൾപ്പെടുത്തിയേക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാരണം, അയർലൻഡിനെതിരായ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പര എത്തുന്നതിനാൽ ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നിവരെ അയർലൻഡിനെതിരായ  പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ഒരു മധ്യനിര ബാറ്ററുടെ റോളിൽ ശ്രേയസ് അയ്യരുടെ പകരക്കാരനായി സെലക്ടർമാർ സഞ്ജുവിനെ പരിഗണിക്കാൻ സാധ്യതയുണ്ട്.  കൂടാതെ, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ട രാഹുൽ ട്രിപാതിയും അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടേക്കാം.