‘രക്ഷകനായി സഞ്ജു’ : മികച്ചൊരു ഇന്നിഗ്സുമായി ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകി സഞ്ജു സാംസൺ |Sanju Samson
ഇന്ത്യയുടെ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. ഇന്ത്യക്കായി നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു ഋതുരാജ്മൊത്ത് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിൽ 40 റൺസ് നേടിയ ശേഷമാണ് സഞ്ജു സാംസൺ മടങ്ങിയത്. സഞ്ജുവിന്റെ ഇന്നിങ്സ് മത്സരത്തിൽ ഇന്ത്യയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും മോശം പ്രകടനം ആവർത്തിച്ച സഞ്ജുവിന് വലിയ ആശ്വാസം തന്നെയാണ് ഈ ഇന്നിംഗ്സ് നൽകിയിരിക്കുന്നത്.
രണ്ടാം മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യക്കായി ഓപ്പണർമാരായ ജെയിസ്വാളും ഋതുരാജും ഭേദപ്പെട്ട തുടക്കം നൽകുകയുണ്ടായി. എന്നാൽ ജയിസ്വാൾ 11 പന്തുകളിൽ 18 റൺസെടുത്ത് കൂടാരം കയറി. ശേഷം പിന്നാലെയെത്തിയ തിലക് വർമയും ചെറിയ ഇടവേളയിൽ മടങ്ങിയതോടെ ഇന്ത്യ 34ന് 2 എന്ന നിലയിൽ തകരുകയായിരുന്നു. പിന്നീടാണ് നാലാം നമ്പറിൽ സഞ്ജു സാംസൺ ക്രീസിലെത്തിയത്.
സഞ്ജു വളരെ പതിഞ്ഞ താളത്തിൽ തന്നെയാണ് ഇന്നിങ്സ് ആരംഭിച്ചത്. അനാവശ്യ ഷോട്ടുകൾ ആദ്യമേ കളിച്ച് വിക്കറ്റ് വലിച്ചെറിയാൻ സഞ്ജു തയ്യാറായില്ല. പകരം ഋതുരാജുമൊത്ത് മൂന്നാം വിക്കറ്റിൽ ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് സഞ്ജു ശ്രമിച്ചത്. നേരിട്ട ആറാം പന്തലായിരുന്നു സഞ്ജു തന്റെ ആദ്യ ബൗണ്ടറി നേടിയത്. ശേഷം പത്താം ഓവറിൽ ഒരു കിടിലൻ സ്ട്രൈറ്റ് ഡ്രൈവ് കളിച്ച് സഞ്ജു ബൗണ്ടറി സ്വന്തമാക്കുകയുണ്ടായി. ഇത്തരത്തിൽ വളരെ പതിയെയാണ് സഞ്ജു ഇന്നിംഗ്സ് മുൻപിലേക്ക് കൊണ്ടുപോയത്.
എന്നാൽ പിന്നീട് സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചുവന്നു. ജോഷ് ലിറ്റിലിനെതിരെ പതിനൊന്നാം ഓവറിൽ തുടർച്ചയായി 3 ബൗണ്ടറുകൾ നേടി സഞ്ജു തന്റെ സ്ട്രൈക്ക് റേറ്റ് വർദ്ധിപ്പിച്ചു. ആ ഓവറിൽ തന്നെ ഒരു പടുകൂറ്റൻ സിക്സർ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. ഇതോടെ പഴയ സഞ്ജുവിന്റെ തിരിച്ചുവരമാണ് മത്സരത്തിൽ കണ്ടത്. എന്നാൽ വലിയൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെ ക്ലീൻ ബൗൾഡ് ആയി സഞ്ജു സാംസണ് കൂടാരം കേറേണ്ടിവന്നു. മത്സരത്തിൽ 26 പന്തുകൾ നേരിട്ട സഞ്ജു 5 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 40 റൺസ് ആയിരുന്നു നേടിയത്. എന്തായാലും കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം പരിശോധിക്കുമ്പോൾ വളരെ ഭേദപ്പെട്ട ഫലം തന്നെയാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.