❝സഹ കളിക്കാർ എല്ലാം പോയി , നെറ്റ്സിൽ പ്രാക്ടീസ് തുടർന്ന് സഞ്ജു സാംസൺ❞|Sanju Samson

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ മലയാളികളുടെ അഭിമാന താരമാണ് വിക്കറ്റ് കീപ്പർ – ബാറ്റർ സഞ്ജു സാംസൺ. എന്നാൽ, രാജ്യാന്തര ക്രിക്കറ്റിൽ അവഗണനകൾ മാത്രമാണ് സഞ്ജു സാംസണ് ലഭിച്ചിട്ടുള്ളത്. ഐപിഎൽ, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച് 7 വർഷങ്ങൾ പിന്നിടുമ്പോഴും, ആകെ 14 രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളത്.

പലപ്പോഴും, സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും, ഒരു കളിയിൽ പോലും അവസരം നൽകാതെ നിരവധി പരമ്പരകളിൽ മുഴുനീളം ബെഞ്ചിൽ ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ, പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കിലും, കെഎൽ രാഹുൽ പരിക്കു മൂലം ടീമിൽ നിന്ന് വിട്ടു നിന്ന് സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പകരക്കാരനായി സഞ്ജുവിനെ ടീമിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ, 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ 3 കളികൾ അവസാനിക്കുമ്പോൾ, ഒരു മത്സരത്തിൽ പോലും സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. എന്നിരുന്നാലും, ഒട്ടും നിരാശപ്പെടാതെ തന്റെ പരിശീലനം അധികാരിപ്പിക്കുന്ന സഞ്ജുവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാധ്യമപ്രവർത്തകനായ വിമൽ കുമാർ പങ്കുവെച്ച വീഡിയോയിൽ, സഹതാരങ്ങളെല്ലാം പരിശീലനം കഴിഞ്ഞ് ടീം ബസ്സിൽ തിരിച്ചു പോയിട്ടും സഞ്ജു ഗ്രൗണ്ടിൽ നെറ്റ് പ്രാക്ടീസ് തുടരുന്നതായി കാണാം.

സഹ കളിക്കാർ പരിശീലനം അവസാനിപ്പിച്ചിട്ടും ഏകദേശം ഒരു മണിക്കൂറോളം സഞ്ജു തനിച്ച് ത്രോ പരിശീലകനൊപ്പം പരിശീലനം നടത്തി. ഇതിനുശേഷം കാറിലാണ് സഞ്ജു ഹോട്ടലിലേക്ക് മടങ്ങിയത്. പരിശീലനത്തിന് ശേഷം, പരിശീലകൻ സഞ്ജുവിന് വെള്ളം നൽകിയപ്പോൾ, ആദ്യം താങ്കൾ വെള്ളം കുടിക്കു എന്ന സഞ്ജുവിന്റെ മാതൃകാപരമായ ആംഗ്യവും വീഡിയോയിൽ കാണാം. എന്നാൽ പരിശീലകൻ വീണ്ടും നിർബന്ധിച്ചപ്പോൾ സഞ്ജു ആദ്യം വെള്ളം കുടിക്കുകയും, തുടർന്ന് ബോട്ടിൽ പരിശീലകന് കൈമാറുകയും ചെയ്തു.