❝വിക്കറ്റിന് പിന്നിൽ എം എസ് ധോണിയെ ഓർമ്മിപ്പിച്ച് സഞ്ജു സാംസൺ❞|Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അവസാനിക്കുമ്പോൾ, പരമ്പരയിലൂടനീളം ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ നിലയുറപ്പിച്ച സഞ്ജു സാംസണിന്റെ വിക്കറ്റിന് പിന്നിലെ പ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. മുൻപെങ്ങും കണ്ടിട്ടില്ലാത്ത സഞ്ജുവിനെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ കണ്ടതെന്ന് ആരാധകരും പറയുന്നു. വിക്കറ്റിന് പിന്നിൽ സജീവമായ സഞ്ജു, ഒരു മത്സരത്തിൽ അർധസെഞ്ച്വറി നേടി ബാറ്റ് കൊണ്ട് തിളങ്ങുകയും ചെയ്തു.

വിക്കറ്റിന് പിന്നിൽ നിന്ന് ബൗളർമാർക്ക് നിർദ്ദേശം നൽകുകയും ഫീൽഡിങ് സെറ്റ് ചെയ്യുന്നതിൽ ക്യാപ്റ്റൻ ധവാനെ സഹായിക്കുകയും ചെയ്യുന്ന സഞ്ജുവിനെ കണ്ട പലരും മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ ഓർത്തു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച് പരിചയസമ്പത്തുള്ള സഞ്ജുവിന് ഒരു ക്യാപ്റ്റൻ ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യൻ ടീമിൽ എത്തിയാലും ചെയ്യാൻ സാധിക്കും എന്ന് ഇതോടെ ആരാധകർക്കും വിശ്വാസമായി.

വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ, വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ സഞ്ജു, സ്പിന്നർ അക്സർ പട്ടേലിന് നൽകിയ നിർദ്ദേശം വളരെ ശ്രദ്ധേയമായിരുന്നു. അക്സറിന്റെ ഒരു ബോൾ സ്റ്റംപിന് പുറത്തേക്ക് പോയപ്പോൾ, വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷായ് ഹോപ്‌ അത് ഡ്രൈവ് ചെയ്ത് കവർപോയിന്റിലെ ഫീൽഡറുടെ അടുത്തേക്ക് പായിച്ചു. ഇത്‌ ശ്രദ്ധയിൽ പെട്ട സഞ്ജു, അക്സറിനോട് സ്റ്റംപിലേക്ക് ബോൾ എറിയാൻ പറഞ്ഞു.

സഞ്ജു ഹിന്ദിയിൽ ഉറക്കെ വിളിച്ചു പറയുകയായിരുന്നു. സഞ്ജുവിന്റെ നിർദ്ദേശാനുസരണം അക്സർ സ്റ്റംപിലേക്ക് പന്തെറിഞ്ഞു, ആ ബോൾ നേരിട്ട ഹോപ്പിന്റെ ഷോട്ട് പാളിയതോടെ, ബോൾ ഹോപ്പിന്റെ ബാറ്റിൽ ഉരസി സ്ലിപ്പിൽ ഫീൽസ് ചെയ്തിരുന്ന ക്യാപ്റ്റൻ ശിഖർ ധവാനിലേക്ക് പോയി. വളരെ ബുദ്ധിമുട്ടേറിയ ക്യാച്ച് ആയതുകൊണ്ട് തന്നെ ശിഖർ ധവാന് അത് കൈപ്പിടിയിൽ ഒതുക്കാൻ ആയില്ല. എന്നിരുന്നാലും സഞ്ജുവിന്റെ നിർദ്ദേശം വളരെ വിലയേറിയതായിരുന്നു.