
❝മത്സരശേഷം മുൻ ഇന്ത്യൻ താരത്തോട് മലയാളത്തിൽ സംസാരിച്ച് സഞ്ജു സാംസൺ❞ |Sanju Samson
കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഭാഗത്ത് നിന്ന് ഇന്ത്യൻ മാനേജ്മെന്റിനെതിരെ ഉയരുന്ന വിമർശനമാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അർഹിക്കുന്ന അവസരം നൽകുന്നില്ല എന്നത്. എന്നാൽ, ആരാധകരുടെ എല്ലാ പരിഭവങ്ങൾക്കുമുള്ള മറുപടിയായിയാണ് സഞ്ജുവിനെ അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സഞ്ജുവിന് സ്ഥാനം ഉണ്ടായില്ലെങ്കിലും, രണ്ടാം മത്സരത്തിൽ സഞ്ജു ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തി. മത്സരത്തിൽ, പതിവ് പൊസിഷനുകളിൽ നിന്ന് വ്യത്യസ്തമായി ഓപ്പണറുടെ റോളിൽ ആണ് സഞ്ജു കളിച്ചത്. തനിക്ക് ലഭിച്ച അവസരം, സഞ്ജു മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയും ചെയ്തു. 42 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 183.33 സ്ട്രൈക്ക് റേറ്റിൽ 77 റൺസാണ് സഞ്ജു നേടിയത്.
ഇന്നിംഗ്സിന്റെ 17-ാം ഓവറിൽ മാർക് അടയറിന്റെ ബോളിൽ ബൗൾഡ് ആയിരുന്നു സഞ്ജു പുറത്താകുമ്പോൾ, അദ്ദേഹം രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയുമൊത്ത് 176 റൺസ് കെട്ടിപ്പടുത്തിരുന്നു. മത്സരശേഷം സഞ്ജു ദീപക് ഹൂഡയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് പറയുകയും ചെയ്തു. മുൻ ഇന്ത്യൻ താരം അജയ് ജഡേജയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ, സഞ്ജുവും അജയ് ജഡേജയും മലയാളത്തിൽ സംസാരിച്ചതും ശ്രദ്ധേയമായി.
സഞ്ജു, അജയ് ജഡേജയോട് “സുഖമല്ലേ?” എന്ന് ചോദിച്ചപ്പോൾ, “ഇവിടെ സുഖമാണ്, അവിടെ സുഖമല്ലേ?” എന്നായിരുന്നു അജയ് ജഡേജയുടെ മറുപടി. “ഇവിടെ സുഖമാണെന്നും. ഭക്ഷണം കഴിച്ചോ?” എന്നും മറുപടി നൽകിയ സഞ്ജു, നമുക്ക് അൽപ്പം കഴിഞ്ഞ് മലയാളത്തിൽ സംസാരിക്കാം എന്നും പറയുന്നത് വീഡിയോയിൽ കാണാം. അജയ് ജഡേജയുടെ ചോദ്യത്തിന് മറുപടിയായി, “ദീപക് ഹൂഡയും ഞാനും നല്ല ഒത്തൊരുമയോടെയാണ് കളിച്ചത്. അതിന്റെ ഫലമായിയാണ് ആ കൂട്ടുകെട്ട് പിറന്നത്,” സഞ്ജു മറുപടി നൽകി.