❝പന്തിന്റെ ക്യാപ്റ്റന്സിക്ക് വിമർശനം , സഞ്ജുവിനെ കണ്ടു പഠിക്കാൻ ആവശ്യം❞

കെ എൽ രാഹുലിന് പരിക്കേറ്റ് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടി 20 ൽ റിഷബ് പന്ത് നായക സ്ഥാനം ഏറ്റെടുത്തത്. ആദ്യ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് റിഷഭിനു സംഘത്തിനും നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരാധിക്കാനാവാതെയാണ് പരാജയത്തിലേക്കു കൂപ്പുകുത്തിയത്.

200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ടി20യില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യക്കു വിജയിക്കാന്‍ സാധിക്കാതെ പോയത്. നേരത്തേ 2015ല്‍ ധര്‍മശാലയില്‍ വച്ച് സൗത്താഫ്രിക്ക 200 റണ്‍സ് ചേസ് ചെയ്തു വിജയിച്ചതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.മത്സരശേഷം ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് വ്യാപകമായ വിമർശനം ഉയരുകയാണ്. ബൗളർമാരെ ഉപയോഗിച്ചതിലും ഫീൽഡ് പ്ലേസ്‌മെന്റിലുമടക്കം പന്ത് കാണിച്ച പക്വതക്കുറവാണ് ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരെല്ലാം പങ്കുവയ്ക്കുന്നത്.

ചഹലിനെ പോലൊരു ബൗളർക്ക് മുഴുവൻ ഓവറും നൽകാതിരിക്കുക എന്നത് വലിയ പിഴവായി പലരും കാണുന്നുണ്ട് . ടീമിലെ ബെസ്റ്റ് ബൗളർക്ക് 19 ഓവറിനിടക്ക് വെറും രണ്ടു ഓവർ മാത്രം കൊടുക്കുക, അതും ഒരു പാർട്ണർഷിപ് ബിൽഡ് ചെയ്തു വരുന്ന ടൈമിൽ പോലും ട്രൈ ചെയ്യാതെ ഇരിക്കുക.ഒടുവിൽ, 20-ാമത്തെ ഓവറിൽ നാലു റൺസ് മാത്രം വേണ്ടിയിരുന്ന ഘട്ടത്തിലാണ് ചഹലിനെ മൂന്നാമത്തെ ഓവർ എറിയാൻ പന്ത് ഏൽപിക്കുന്നത്.

ബൗളര്‍മാരെ ശരിയായി ഉപയോഗിക്കുന്ന കാര്യത്തില്‍ പന്ത് പരാജയമായെന്ന് മുന്‍ താരം ആശിഷ് നെഹ്‌റ വിലയിരുത്തുന്നു. ചാഹലിനെ പോലെ ഒരു സ്‌ട്രൈക്ക് ബൗളര്‍ക്ക് രണ്ട് ഓവര്‍ മാത്രം നല്‍കുകയും അക്‌സര്‍ പട്ടേലിനെ നാല് ഓവര്‍ പന്തെറിയിക്കുകയും ചെയ്തത് തെറ്റായിരുന്നു എന്നാണ് നെഹ്‌റയുടെ വിലയിരുത്തല്‍. വലംകൈയ്യന്‍ ബാറ്ററായ റസ്സി വാന്‍ ഡര്‍ ഡസ്സന്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ ചാഹലിന് പന്ത് നല്‍കാമായിരുന്നു. പ്രത്യേകിച്ചും എല്ലാ ഓവറിലും ഡേവിഡ് മില്ലര്‍ സിക്‌സര്‍ അടിച്ചുകൊണ്ടിരിക്കെ ചാഹലിനെ പന്തേല്‍പ്പിക്കാന്‍ മടിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും നെഹ്‌റ പറഞ്ഞു.

അതിനിടയിൽ ചാഹലിനെ ഐഎപിഎല്ലിൽ സഞ്ജു സാംസൺ എങ്ങനെ ഫലപ്രദമായി ഉപയോഗിച്ചു എന്നതിനെക്കുറിച്ചും പലരും ചൂണ്ടി കാട്ടുകയും ചെയ്തു. കൊല്കത്തക്കെതിരെയുള്ള മത്സരത്തിൽ പതിനെട്ടാം ഓവർ എറിയാൻ സഞ്ജു ചാഹലിനെയാണ് ഏൽപ്പിച്ചത്. ക്യാപ്റ്റന്റെ വിശ്വാസം കാത്തു സൂക്ഷിച്ച ചഹാൽ ആ ഓവറിൽ ഹാട്രിക്ക് നേടുകയും റോയൽസിനെ വിജയത്തിൽ എത്തിക്കുകയും ചെയ്തു. ഒരു താരത്തെ ക്യാപ്റ്റൻ എങ്ങനെ ഉപയോഗിക്കണമെന്നത് സഞ്ജുവിനെ കണ്ട് പഠിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.