❝സഞ്ജു സാംസൺ ടീമിലുണ്ടല്ലോ ,രോഹിത് ശർമ്മ വിശ്രമിക്കട്ടെ❞ ; ആവശ്യവുമായി മുൻ പാക് താരം

പുരോഗമിക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ബാറ്റിംഗിനിടെ അദ്ദേഹം റിട്ടയർഡ് ഹർട്ട് ആയി മൈതാനം വിട്ടത് ക്രിക്കറ്റ് ആരാധകർക്കിടയിൽ ആശങ്ക പരത്തിയിരുന്നു. എന്നാൽ, മത്സരശേഷം തന്റെ പരിക്ക് ഗുരുതരമല്ല എന്നും പരമ്പരയിൽ തുടരാൻ ആകുമെന്നും രോഹിത് ശർമ അറിയിച്ചത് ആരാധകർക്ക് വലിയ ആശ്വാസമായി.

എന്നാൽ, പരിക്ക് പൂർണമായി ഭേദമല്ലെങ്കിൽ രോഹിത് ശർമ്മ വെസ്റ്റ് ഇൻഡീസിനെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, ഏഷ്യ കപ്പ്‌ ടൂർണമെന്റിന് പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. വെസ്റ്റ് ഇൻഡീസിനെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ രോഹിത് ശർമ്മ ഇല്ലെങ്കിലും സഞ്ജു സാംസണെ പോലെയുള്ള മാച്ച് വിന്നർമാർ ഉള്ളതിനാൽ അത് ടീമിനെ കാര്യമായി ബാധിക്കില്ല എന്നാണ് കനേരിയ പറയുന്നത്.

അതേസമയം, ഏഷ്യ കപ്പ്, ടി20 ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകൾക്ക് പൂർണ്ണ ഫിറ്റ്നസോടെയുള്ള രോഹിത് ശർമയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് ആവശ്യമാണെന്ന് ഡാനിഷ് കനേരിയ ഓർമ്മിപ്പിച്ചു. “വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ രോഹിത് ശർമ ഒരു ബൗണ്ടറി നേടിയപ്പോൾ, അദ്ദേഹം എത്രമാത്രം വേദന അനുഭവിച്ചു എന്നത് അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യമെങ്കിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിശ്രമം സ്വീകരിച്ച് രോഹിത് ടീമിൽനിന്ന് മാറിനിൽക്കണം,” തന്റെ യൂട്യൂബ് ചാനലിൽ ഡാനിഷ് കനേരിയ പറഞ്ഞു.

“ഏഷ്യ കപ്പ്, ടി20 ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകൾക്ക് ഇന്ത്യൻ ടീമിനെ പൂർണ ഫിറ്റ്നസോടുകൂടിയ രോഹിത് ശർമയെ ആവശ്യമാണ്. എന്നാൽ, വെസ്റ്റ് ഇൻഡീസിനെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ മാച്ച് വിന്നർമാരായും ക്യാപ്റ്റന്മാരായും കഴിവ് തെളിയിച്ച ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾ ടീമിൽ ഉള്ളതിനാൽ രോഹിത്തിന്റെ അഭാവം ടീമിനെ കാര്യമായി ബാധിക്കില്ല,” കനേരിയ പറഞ്ഞു.

Rate this post