‘രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനത്ത് നിന്നും സഞ്ജു സാംസൺ മാറണം’|Sanju Samson

സഞ്ജു സാംസണിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. സഞ്ജുവിന് ഇതുവരെ മതിയായ അവസരം നൽകാൻ ബിസിസിഐ തയ്യാറായിട്ടില്ലെങ്കിലും, ഐപിഎൽ ആരംഭിക്കുന്നതിന് മുൻപായി പുതുക്കിയ ബിസിസിഐയുടെ വാർഷിക കരാറിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയത്, പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഐപിഎൽ 2023-ൽ മികച്ച പ്രകടനം നടത്തുന്നതിന്റെ പിൻബലത്തിൽ, സഞ്ജുവിന് ദേശീയ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള സാധ്യത ഇപ്പോൾ വളരെ കൂടുതലാണ്.

നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയ സഞ്ജു സാംസൺ, ഐപിഎൽ 2023-ൽ ഇതുവരെ നടന്ന 4 മത്സരങ്ങളിൽ നിന്നായി ഒരു അർദ്ധ സെഞ്ച്വറി പ്രകടനം ഉൾപ്പെടെ 97 റൺസ് നേടിയിട്ടുണ്ട്. കളിച്ച 4 മത്സരങ്ങളിൽ 3 മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത് സഞ്ജു സാംസൺ എന്ന ക്യാപ്റ്റന്റെ മികവ് ഉയർത്തി കാണിക്കുന്നു.

എന്നാൽ, സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന്റെ ഭാവിക്ക് കോട്ടം പറ്റും എന്ന് കണക്കാക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. “സഞ്ജു സാംസൺ അദ്ദേഹത്തിന്റെ ബാറ്റിംഗിൽ മുഴുവൻ കോൺസെൻട്രേഷൻ നൽകണം. ഈ ഐപിഎൽ സീസൺ അദ്ദേഹത്തിന്റെ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ സാധിച്ചാൽ, ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” ഡാനിഷ് കനേരിയ ടൈംസ് നൗന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“സഞ്ജു ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നതിനായി അദ്ദേഹത്തിന്റെ സമ്മർദ്ദം കുറയ്ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആർആർ-ന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സഞ്ജു മാറി നിൽക്കുന്നതായിരിക്കും ഉചിതം. സഞ്ജുവിന് പകരം ജോസ് ബറ്റ്ലർ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയി വരട്ടെ,” ഡാനിഷ് കനേരിയ പറഞ്ഞു. അതേസമയം, ക്യാപ്റ്റൻസി മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ ബാറ്റിംഗിൽ ശ്രദ്ധ പുലർത്താനും പ്രതിഭയുള്ള താരമാണ് സഞ്ജു സാംസൺ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Rate this post