❝സഞ്ജു സാംസണിന്റെ ലോകകപ്പ് സാധ്യത ഇനി ഈ മൂന്നു കളിക്കാരെ ആശ്രയിച്ചിരിക്കും❞

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമോ എന്നുള്ളത് ഏറെനാളായി ക്രിക്കറ്റ് ആരാധകർക്കിടയിൽ നടക്കുന്ന ചർച്ച വിഷയമാണ്. അതിനിടെയാണ്‌, അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയപ്പോൾ, ഇനി ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞത്.

ഇതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തില്ല എന്ന് ആരാധകരും ഉറപ്പിച്ചു. എന്നാൽ ഇപ്പോഴും സഞ്ജുവിന്റെ സാധ്യത മങ്ങിയിട്ടില്ല എന്നതാണ് വസ്തുത. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ സഞ്ജു നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ദിനത്തിൽ അർദ്ധ സെഞ്ചുറി പ്രകടനവുമായി സഞ്ജു തിളങ്ങിയിരുന്നു. അതേസമയം വിക്കറ്റ് കീപ്പർ സ്ഥാനത്തിനുള്ള സഞ്ജുവിന്റെ എതിരാളികളായ ദിനേഷ് കാർത്തിക്കും ഇഷാൻ കിഷനും സമീപകാലത്ത് മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്.

ടീമിൽ ഒരു ഫിനിഷറുടെ റോൾ ആണ് ദിനേഷ് കാർത്തിക് വഹിക്കുന്നതെങ്കിലും കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ദിനേഷ് കാർത്തിക് അദ്ദേഹത്തിന്റെ മികവ് കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ വെസ്റ്റ് ഇൻഡീസിനെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പര കാർത്തിക്കിന് ഏറെ നിർണായകമാണ്. ടി20 ലോകകപ്പിൽ ഓപ്പണറുടെ സ്ഥാനം ഏറെക്കുറെ ഉറപ്പായ താരമാണ് ഇഷാൻ കിഷൻ. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പര ഇഷാൻ കിഷനും നിർണ്ണായകമാണ്.

ഇവരെ കൂടാതെ ഇന്ത്യയുടെ സീനിയർ ബാറ്റർ വിരാട് കോഹ്ലി ഇനിയും ഫോം കണ്ടെത്തിയില്ലെങ്കിൽ അതും സഞ്ജു സാംസണ് അനുകൂലമായേക്കും. ഈ മൂന്ന് താരങ്ങളും ഇനി നടക്കുന്ന പരമ്പരകളിൽ നിറംമങ്ങുകയാണെങ്കിൽ അതിനുശേഷം നടക്കുന്ന ഇന്ത്യയുടെ ടി20 പരമ്പരകളിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കാം. അതിൽ സഞ്ജുവിന് മികവ് പുലർത്താൻ സാധിച്ചാൽ സഞ്ജുവിന്റെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെക്കും.