തുടർച്ചയായ നാല് മത്സരങ്ങളിൽ ധോണിയുടെ സിഎസ്കെയെ പരാജയപ്പെടുത്തി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്‍സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിച്ചിരിക്കുകയാണ്. രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു.

43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാള്‍ കുറിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‍വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്‍റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സഞ്ജുവും സംഘവും കാട്ടിയ അച്ചടക്കം മത്സരത്തില്‍ നിര്‍ണ്ണായകമായി.

ചെന്നൈക്കെതിരെ ഇന്നലെ രാജസ്ഥാൻ നേടിയത് ഈ സീസണിലെ രണ്ടാമത്തെ വിജയമാണ്.ഐപിഎല്ലിലെ തുടർച്ചയായ നാലാമത്തെ ജയം കൂടിയാണിത്. ഇതോടെ ചെന്നൈക്കെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ സഞ്ജു സാംസൺ രണ്ടാം സ്ഥാനത്തെത്തി. രോഹിത് ശർമ്മക്കാണ് ഒന്നാം സ്ഥാനം.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 2021 നും 2023 നും ഇടയിൽ നാല് തവണ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപെടുത്തിയിട്ടുണ്ട്. 2018 നും 2019 നും ഇടയിൽ രോഹിത് ശർമയുടെ മുംബൈ അഞ്ചു തവണ സിഎസ്കെയെ പരാജയപെടുത്തിയിട്ടുണ്ട്.ഈ സീസണിലെ പ്ലെ ഓഫിൽ വീണ്ടും രാജസ്ഥാനും -ചെന്നൈയും ഏറ്റുമുട്ടിയാൽ സഞ്ജുവിന് രോഹിതിന്റെ റെക്കോർഡിന് ഒപ്പമെത്താൻ സാധിക്കും.

2/5 - (1 vote)