‘വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കാതിരിക്കുക ,ടീമിന് വേണ്ടി കളിക്കുക’:സഞ്ജു സാംസൺ

എം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആർസിബിയ്‌ക്കെതിരെയുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ടതിന് പിന്നാലെ സഹ താരങ്ങൾക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ.190 എന്ന സ്കോർ പിന്തുടർന്ന റോയൽസിനെതിരെ ആർ‌സി‌ബി ഒരു അത്ഭുതകരമായ തിരിച്ചു വരവ് നടത്തിയാണ് മത്സരം കൈക്കലാക്കിയത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ, മികച്ച ഫോമിലുള്ള ഓപ്പണർ ജോസ് ബറ്റ്ലറെ (0) റോയൽസിന് അതിവേഗം നഷ്ടമായെങ്കിലും, യശാവി ജയിസ്വാൾ (47), ദേവ്ദത് പടിക്കൽ (52) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ഉണ്ടായി. എന്നിരുന്നാലും, ഇരുവരുടെയും മെല്ലെപ്പോക്ക് റോയൽസിന് വിനയായി.യശസ്വി ജയ്സ്വാള്‍ 50-നോട് അടുക്കുമ്പോള്‍ വളരെ പതുക്കെയാണ് കളിച്ചത്. ഇത് പലരുടേയും വിമര്‍ശനത്തിന് ഇടയാക്കി. എന്നാൽ യുവതാരത്തിനും ടീമിനും സാംസൺ നൽകിയ പിന്തുണ അദ്ദേഹം ഒരു യഥാർത്ഥ നേതാവാണെന്ന് തെളിയിച്ചു.

ചേസിങ്ങിനിടെ ആർസിബിയോടും എൽഎസ്ജിയോടും അടുത്ത രണ്ട് ഗെയിമുകൾ ആർആർ തോറ്റെങ്കിലും കളിക്കുന്ന രീതിയെ മാറ്റില്ലെന്ന് പറഞ്ഞു. “നമ്മുടെ ടീം എല്ലായിപ്പോഴും ഒരു മിതത്വം കാത്തുസൂക്ഷിക്കുന്നു എന്നത് നമ്മുടെ പ്രത്യേകതയാണ്. നമ്മൾ വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും അത് നിലനിർത്തുന്നു,അതുകൊണ്ട് തന്നെ പരാജയത്തിന്റെ മേൽ ആരിലേക്കും വിരൽ ചൂണ്ടുന്നില്ല. ഇത് ഒരു ടീം ഗെയിം ആണ്. നമ്മളും നമ്മുടെ ഒപ്പം ഉള്ളവരും മികച്ച രീതിയിൽ സഹകരിക്കണം എന്ന മനോഭാവമാണ് നമുക്ക് ഉള്ളത്. ആരുംതന്നെ ടീമിൽ സ്ഥാനം നിലനിർത്താനായി കളിക്കരുത്, ടീമിന് എന്താണ് വേണ്ടത് അത് അനുസരിച്ച് ടീമിനുവേണ്ടി കളിക്കണം. വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല കളിക്കുന്നത് എന്ന ബോധ്യം വേണം,” സഞ്ജു സാംസൺ പറഞ്ഞു.

11 മുതൽ 15 വരെയുള്ള ഓവറുകളിൽ ഒരു ബൗണ്ടറി പോലും നേടാൻ ആർആർ ബാറ്റർമാർ പരാജയപ്പെട്ടു. ആർ‌സി‌ബി ബൗളർമാർ ചില ഇറുകിയ ഓവറുകൾ എറിഞ്ഞു, അത് പടിക്കലിന്റെയും ജയ്‌സ്വാളിന്റെയും വിക്കറ്റുകളിലേക്ക് നയിച്ചു.ആര്‍സിബി ബൗളര്‍മാരായ ഹര്‍ഷല്‍ പട്ടേലും സിറാജും റോയല്‍സ് ബാറ്റര്‍മാരെ തളച്ചിട്ടു. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, സാംസണ്‍, അശ്വിന്‍ എന്നിവര്‍ക്ക് കളി അവസാനിപ്പിക്കാനായില്ല. ധ്രുവ് ജുറല്‍ പൊരുതിയെങ്കിലും 7 റണ്‍സ് അകലത്തില്‍ റോയല്‍സ് ഇന്നിംഗ്‌സ് അവസാനിച്ചു.

സീസണിൽ മികച്ച രീതിയിൽ തുടങ്ങിയ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്, ഇപ്പോൾ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായി പരാജയം നേരിട്ടിരിക്കുകയാണ്. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും രാജസ്ഥാൻ റോയൽസിന് നഷ്ടമായി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ, നേരത്തെ ലക്നൗ സൂപ്പർ ജിയന്റ്സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിന് സമാനമായി, വിജയിക്കാൻ എല്ലാ സാധ്യതകളും ഉണ്ടായിട്ടും അത് കൈവിട്ടു കളയുന്ന രാജസ്ഥാനെ ആണ് കണ്ടത്.

Rate this post