❝സഞ്ജു.. സഞ്ജു.. സഞ്ജു… അയർലൻഡിലും സഞ്ജുവിന് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ❞ |Sanju Samson

ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മലയാളി വിക്കറ്റ് കീപ്പർ – ബാറ്റർ സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ആരാധകരെ വലിയ രീതിയിൽ നിരാശരാക്കിയിരുന്നു. എന്നാൽ, പുരോഗമിക്കുന്ന അയർലൻഡ് പര്യടനത്തിൽ സഞ്ജു സാംസൺ  ഇന്ത്യൻ സ്‌ക്വാഡിന്റെ ഭാഗമാണ്. ഇത് ആരാധകരെ, പ്രത്യേകിച്ച് മലയാളികളെ വലിയ ആവേശത്തിലും സന്തോഷത്തിലുമാക്കിയിരുന്നു.

എന്നാൽ, പരമ്പരയിലെ ആദ്യ മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ സഞ്ജുവിന് ആയിരുന്നില്ല. എന്നിരുന്നാലും, അങ്ങ് അയർലൻഡിലും സഞ്ജു ആരാധകർ സഞ്ജുവിന് വേണ്ടി ആർപ്പുവിളിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ട് എന്നത് വാസ്തവമായതിനാൽ, അയർലൻഡിലുള്ള മലയാളികളാണ് സ്റ്റേഡിയത്തിലെത്തി സഞ്ജുവിന് ആർപ്പുവിളിക്കുന്നത്.

സഞ്ജു പരിശീലനത്തിന് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ആരാധകർ സഞ്ജുവിനെ വിളിക്കുന്ന വീഡിയോയും, മത്സരത്തിനിടെ സഞ്ജു നടന്നു നീങ്ങുമ്പോൾ സഞ്ജുവിന് വേണ്ടി ആരാധകർ ആർപ്പുവിളിക്കുന്ന വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തന്റെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കിയ സഞ്ജു അവരുടെ അഭ്യർത്ഥന മാനിച്ച്, ആരാധകരുടെ ഫോൺ വാങ്ങി അതിൽ സെൽഫി പകർത്തി നൽകുന്നതും വീഡിയോയിൽ കാണാം.

‘സഞ്ജു നീ അടുത്ത കളി കളിക്കണം’ എന്നും ആരാധകർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ജൂൺ 28-നാണ് പരമ്പരയിലെ അടുത്ത മത്സരം. മത്സരത്തിൽ, പ്ലെയിങ് ഇലവനിൽ സഞ്ജുവിന് അവസരം നൽകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ആർക്ക് പകരമാവും സഞ്ജു ഇലവനിൽ സ്ഥാനം നേടുക എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തുതന്നെയായാലും, ഇത് പരമ്പരയിലെ അവസാന മത്സരം ആയതിനാൽ ഇതിലും സഞ്ജുവിന് അവസരം നൽകാതെ ഇന്ത്യൻ മാനേജ്മെന്റ് ആരാധകരെ നിരാശരാക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.

Rate this post