സഞ്ജുവിന്റെ ഫിനിഷിങ്ങിൽ ഛത്തീസ്ഗറിനെതിരെ കേരളം ശക്തമായ നിലയിൽ |Sanju Samson

ഛത്തീസ്ഗറിനെതിരെ കേരളം 162 റൺസിന്റെ ലീഡ് നേടിയതാണ് കേരള – ഛത്തീസ്ഗർ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. മത്സരത്തിന്റെ ഒന്നാം ദിനം കരുത്തരായ ഛത്തീസ്ഗറിനെ ഒന്നാം ഇന്നിംഗ്സിൽ 149 റൺസിന് കേരള ബൗളർമാർ എറിഞ്ഞിരുന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ പൊന്നൻ രാഹുലും (24), രോഹൻ കുന്നുമ്മലും (31) ചേർന്ന് 47 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പിരിഞ്ഞത്.

തുടർന്ന് മൂന്നാമനായി ക്രീസിൽ എത്തിയ രോഹൻ പ്രേം (77) അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവച്ചു. 157 പന്തിൽ 7 ബൗണ്ടറികൾ സഹിതമാണ് രോഹൻ പ്രേം 77 റൺസ് സ്കോർ ചെയ്തത്. സച്ചിൻ ബേബിയും (77) കേരളത്തിനായി അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവച്ചു. 171 പന്തിൽ 6 ബൗണ്ടറികളും ഒരു സിക്സറും സഹിതം 77 റൺസ് എടുത്ത സച്ചിൻ ബേബി റൺ ഔട്ടിലൂടെയാണ് പുറത്തായത്. സച്ചിൻ ബേബിയും രോഹൻ പ്രേമും ചേർന്ന് മൂന്നാം വിക്കറ്റിൽ 123 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

നാല് റൺസിനാണ് കേരള ക്യാപ്റ്റൻ സഞ്ജു സാംസണ് അർദ്ധ സെഞ്ച്വറി നഷ്ടമായത്. 54 പന്തിൽ 3 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 46 റൺസ് എടുത്ത സഞ്ജു സാംസണെ സുമിത് റുയ്കാർ ബൗൾഡ് ചെയ്യുകയായിരുന്നു. എന്നിരുന്നാലും, സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാണികളെ ആവേശത്തിൽ ആക്കി. സഞ്ജുവിന്റെ കിടിലൻ സിക്സറുകൾ തുമ്പ സ്റ്റേഡിയത്തിന്റെ പല കോണുകളിലേക്കും പറന്നു. ഒന്നാം ഇന്നിംഗ്സിൽ കേരളം 311 റൺസിനാണ് ഓൾഔട്ട് ആയത്.

ഛത്തീസ്ഗറിനായി സുമിത് റുയ്കാർ മൂന്ന് വിക്കറ്റുകളും, അജയ് മണ്ടൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഛത്തീസ്ഗറിന് 10 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ റിഷബ് തിവാരിയും സാനിധ്യ ഹുർക്കത്തും റൺസ് ഒന്നും എടുക്കാതെ മടങ്ങുകയായിരുന്നു. റിഷബിനെ ജലജ് സക്സേന മടക്കിയപ്പോൾ, സാനിധ്യയുടെ വിക്കറ്റ് വൈശാഖ് ചന്ദ്രൻ ആണ് എഴുതിയത്. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഛത്തീസ്ഗറിനെതിരെ കേരളം ശക്തമായ നിലയിലാണ്.

Rate this post