ചെന്നൈയെ തകർത്ത് വിട്ട് ഒന്നാം സ്ഥാനം കൈക്കലാക്കി സഞ്ജുവിന്റെ രാജസ്ഥാൻ

തുടർച്ചയായ രണ്ടാം തവണയും ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 32 റൺസിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ബാറ്റിംഗിൽ രാജസ്ഥാനായി ജെയ്‌സ്വാൾ അടിച്ചു തകർത്തപ്പോൾ, ബോളിങ്ങിൽ ആദം സാമ്പയും രവിചന്ദ്രൻ അശ്വിനും മികവു കാട്ടുകയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ദയനീയമായ പരാജയമറിഞ്ഞ രാജസ്ഥാനെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന വിജയം തന്നെയാണിത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് രാജസ്ഥാനായി ജെയിസ്വാളും ബട്ലറും ആദ്യ ഓവറുകളിൽ നൽകിയത്. ഒരു വശത്ത് ജോസ് ബട്ലർ(27) റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് ജെയിസ്വാൾ അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 43 പന്തുകളിൽ 77 റൺസാണ് ജെയിസ്വാൾ നേടിയത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ ശേഷമെത്തിയ സഞ്ജുവിന്(16) വേണ്ട രീതിയിൽ സംഭാവന നൽകാൻ സാധിച്ചില്ല. പക്ഷേ അവസാന ഓവറിൽ ധ്രുവ ജൂറലും ദേവദത്ത് പടിക്കലും മികച്ച ഫിനിഷിംഗ് തന്നെ രാജസ്ഥാന് നൽകി. ജൂറൽ 15 പന്തുകളിൽ 34 റൺസ് നേടിയപ്പോൾ പടിക്കൽ 13 പന്തുകളിൽ 27 റൺസ് ആയിരുന്നു നേടിയത്. അങ്ങനെ രാജസ്ഥാൻ 202 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി വാറ്റിംഗിൽ വളരെ പതിഞ്ഞ ഒരു തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. ഋതുരാജ് ഗൈക്കുവാഡും കോൺവെയും ക്രീസിൽ ഉറച്ചെങ്കിലും സ്കോറിങ് റൈറ്റ് ആദ്യ ഓവറുകളിൽ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. കോൺവെ മൽസരത്തിൽ 16 പന്തുകളിൽ 8 റൺസ് മാത്രമായിരുന്നു നേടിയത്. ഋതുരാജ് 29 പന്തുകളിൽ 47 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഇരുവർക്കും ശേഷമെത്തിയ രഹാനെയും(15) റായുഡവും(0) പെട്ടെന്ന് തന്നെ പുറത്തായതോടെ ചെന്നൈ സമ്മർദ്ദത്തിലാവുകയായിരുന്നു. ഇതോടൊപ്പം ചെന്നൈയുടെ റൺ റേറ്റും സമ്മർദ്ദം ഉണ്ടാക്കി.

എന്നാൽ ആറാമനായി ക്രീസിലെത്തിയ മോയീൻ അലി ശിവം ദുബെയ്‌ക്കോപ്പം ക്രീസിൽ ഉറച്ചു. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സ് പതിയെ കരകയറുകയായിരുന്നു. തങ്ങൾക്കു ലഭിച്ച അവസരങ്ങളിലൊക്കെയും സിക്സറുകൾ പായിക്കാൻ ഇരുവർക്കും സാധിച്ചു. മൊയീൻ അലി മത്സരത്തിൽ 12 പന്തുകളിൽ 23 റൺസ് ആണ് നേടിയത്. അലി പുറത്തായതിനുശേഷം ദുബൈ തന്റെ മാസ്മരിക ബാറ്റിംഗ് തുടർന്നു. അവസാന രണ്ട് ഓവറുകളിൽ 46 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന ഓവറുകളിൽ ബോളർമാർ കൃത്യത കാട്ടിയതോടെ രാജസ്ഥാൻ വിജയത്തിൽ എത്തുകയായിരുന്നു. ദുബെ മത്സരത്തിൽ 33 പന്തുകളിൽ 52 റൺസ് ആണ് നേടിയത്. മത്സരത്തിൽ 32 റൺസിന്റെ വിജയമാണ് രാജസ്ഥാൻ നേടിയത്.

Rate this post