നാണക്കേടിന്റെ റെക്കോർഡുകളിൽ ഇനി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നാണംകെട്ട പരാജയം തന്നെയാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാംഗ്ലൂർ 171 റൺസ് നേടുകയുണ്ടായി. 172 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ആദ്യം മുതൽ അടിതെറ്റുന്നതായിരുന്നു കണ്ടത്. മത്സരത്തിൽ കേവലം 59 റൺസിന് രാജസ്ഥാൻ ഓൾഔട്ട് ആവുകയായിരുന്നു. ഇതോടെ നാണക്കേടിന്റെ വമ്പൻ റെക്കോർഡുകളാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ പേരിൽ ചേർത്തിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും മോശം ടീം ടോട്ടലുകളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനം രാജസ്ഥാൻ ഇതോടെ കയ്യടക്കിയിരിക്കുകയാണ്.

കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെതിരെ ബാംഗ്ലൂർ നേടിയ 49 റൺസാണ് ഐപിഎല്ലിലെ ഏറ്റവും മോശം ടോട്ടൽ. 2009ൽ രാജസ്ഥാൻ ബാംഗ്ലൂരിനെതിരെ 58 റൺസ് നേടി ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുണ്ട്. ശേഷമാണ് രാജസ്ഥാന്റെ ജയ്പൂരിലെ പ്രകടനം ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. വലിയ നാണക്കേട് തന്നെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല രാജസ്ഥാന്റെ ഏറ്റവും കുറഞ്ഞ ഇന്നിങ്സ് ടോട്ടലുകളിൽ രണ്ടാം സ്ഥാനത്താണ് ജയ്പൂരിൽ നടന്ന മത്സരത്തിലെ പ്രകടനം വരുന്നത്. മുൻപ് 2009ൽ ബാംഗ്ലൂരിനെതിരെ 58 റൺസിന് രാജസ്ഥാൻ ഓൾഔട്ട് ആയിരുന്നു. ശേഷം 59 റൺസിന് ജയ്പൂരിൽ ഇപ്പോൾ പുറത്തായിരിക്കുന്നു.

മത്സരത്തിൽ അത്ഭുതകരമായ പരാജയം തന്നെയാണ് രാജസ്ഥാൻ നേരിട്ടത്. ടോസ് നേടിയ ബാംഗ്ലൂർ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ സൂക്ഷ്മമായിയാണ് ബാംഗ്ലൂർ ബാറ്റർമാർ കളിച്ചത്. ഡുപ്ലെസിയും മാക്സ്വെല്ലുമായിരുന്നു ബാംഗ്ലൂരിനായി ക്രീസിൽ ഉറച്ചത്. മത്സരത്തിൽ ഡുപ്ലെസി 55 റൺസും, മാക്സ്വെൽ 54 റൺസുമാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ അനുജ് റാവത് 11 പന്തുകളിൽ 29 റൺസ് നേടിയതോടെ ബാംഗ്ലൂർ 171 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനായി ആരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചില്ല. 19 പന്തുകളിൽ 35 റൺസ് നേടിയ ഹെറ്റ്മെയ്ർ മാത്രമാണ് രാജസ്ഥാനായി അല്പസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. മറ്റു ബാറ്റർമാരൊക്കെ തീർത്തും പരാജയമായപ്പോൾ ബാംഗ്ലൂർ ഇന്നിങ്സ് 59 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 112 റൺസിന്റെ കൂറ്റൻ പരാജയമാണ് രാജസ്ഥാനെ തേടിയെത്തിയത്.

Rate this post