“സഞ്ജുവിനായി സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് :ഇനി മാറ്റങ്ങൾ സംഭവിക്കുമോ”

ചൊവ്വാഴ്ച പ്രഖ്യാപിച്ച ന്യൂസിലൻഡിനെതിരായ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ 16 അംഗ സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതിൽ വ്യാപക പ്രതിഷേധം. വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ, കഴിഞ്ഞ ഐപിഎൽ സീസണിൽ മിന്നും പ്രകടനം നടത്തിയ വെങ്കിടേഷ് അയ്യർ, രതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ, ഐപിഎൽ 2021ൽ രാജസ്ഥാൻ റോയൽസിനായി 14 മത്സരങ്ങളിൽ നിന്ന് 484 റൺസ് നേടി മികച്ച കളി പുറത്തെടുത്തിട്ടും സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല.

ടി-20 പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താത്ത മറ്റു പ്രമുഖരായ രാഹുൽ ചാഹറും പൃഥ്വി ഷായും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടംപിടിച്ചു. എന്നാൽ, ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടമില്ല. ഇതാദ്യമായിയല്ല ബിസിസിഐ സഞ്ജുവിനെ അകറ്റി നിർത്തുന്നത്. ആദ്യ അന്താരാഷ്ട്ര ടി-20 ക്ക് ശേഷം, 4 വർഷം കഴിഞ്ഞാണ് സഞ്ജുവിനെ വീണ്ടും ടീമിൽ എടുത്തത്. മാത്രമല്ല, ഫോമിൽ ഉണ്ടായിരുന്ന സഞ്ജുവിന് പകരം ഫോമിൽ അല്ലാതിരുന്ന ഇഷാൻ കിഷനെ 2021 ടി-20 ലോകകപ്പ് സ്‌ക്വാഡിൽ എടുത്തതും പ്രതിഷേധാർഹമാണ്.

തുടർച്ചയായി ബിസിസിഐ സഞ്ജുവിനെ തഴയുന്നതിൽ രോഷാകുലരായ ആരാധകർ, ട്വിറ്ററിൽ വലിയ ഹാഷ്ടാഗ് പ്രതിഷേധങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ ‘ബ്രിംഗ്ബാക്ക്സഞ്ജു’, ‘ജസ്റ്റിസ്ഫോർസഞ്ജുസാംസൺ’ എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്. കേരള വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ആരാധകർ ട്വിറ്ററിൽ നടത്തുന്ന പ്രതിഷേധം ബിസിസിഐയ്യുടെ കണ്ണ് തുറപ്പിക്കും എന്നാണ് കരുതുന്നത്.എന്നാൽ, സഞ്ജു ശാരീരികമായി ഫിറ്റ്‌ അല്ലാത്തത് കൊണ്ടാണ് ടീമിൽ എടുക്കാത്തത് എന്ന ഒരു അനൗദ്യോഗിക റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.

ഇതിനുള്ള മറുപടിയായി, തന്റെ ഫീൽഡിംഗ് വീരഗാഥകൾ പ്രകടിപ്പിക്കുന്ന മൂന്ന് ചിത്രങ്ങളുള്ള ഒരു കൊളാഷ് സാംസൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. തന്റെ ഗുരുനാഥനായി സഞ്ജു കണക്കാക്കുന്ന രാഹുൽ ദ്രാവിഡ്‌ ഇന്ത്യയുടെ കോച്ചായി എത്തിയപ്പോൾ, തനിക്ക് ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി ഏറ്റതുകൊണ്ടായിരിക്കണം സഞ്ജുവിന്റെ ഈ പരസ്യ പ്രതികരണം.ഒരു കാലത്ത് ഒന്നുമല്ലാതിരുന്ന രോഹിത് ശർമ്മയെ, ടീമിൽ തിരിച്ചെടുത്ത് ഓപ്പണറാക്കി, ഇന്നു കാണുന്ന രോഹിത്താക്കിയ ധോണിയെ ഓർമ്മപ്പെടുത്തിയാണ് ചില ആരാധകർ ട്വീറ്ററിൽ പോസ്റ്റ്‌ ചെയ്തത്. അതുപോലെ, ഇന്ന് രോഹിത് ടി-20 ക്യാപ്റ്റനായപ്പോൾ സഞ്ജുവിനെ പോലുള്ള കളിക്കാരെ ടീമിൽ എടുക്കണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

സഞ്ജു നിലവിൽ കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയാണ്, അവിടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 54, 45, 56* എന്നിങ്ങനെ സ്‌കോർ ചെയ്തിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിനെ വരുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കും എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. അങ്ങനെയെങ്കിൽ, ധോണിയുടെ പകരക്കാരനായി വരും സീസണുകളിൽ വിക്കറ്റ് കീപ്പറായി ചെന്നൈ നിരയിൽ സ്ഥിര സാന്നിധ്യമായാൽ അത്‌ ദേശീയ നിരയിലേക്കുള്ള വഴി തുറക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.