“സഞ്ജുവിന്റെ ബാറ്റിംഗിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ലെന്ന് മുൻ താരങ്ങൾ”

ഐപിഎൽ 2022 സീസണിൽ തങ്ങളുടെ ഓപ്പണിങ് മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 61 റൺസ് വിജയമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ, ക്യാപ്റ്റൻ സഞ്ജു അർദ്ധസെഞ്ച്വറി നേടി ബാറ്റിംഗിൽ തിളങ്ങുകയും ചെയ്തു.

27 പന്ത് നേരിട്ട സഞ്ജു, 3 ഫോറും 5 സിക്സും സഹിതം 55 റൺസാണ് നേടിയത്. ഇതോടെ മത്സരശേഷം ക്രിക്കറ്റ്‌ ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും സഞ്ജുവിന് അഭിനന്ദന പ്രവാഹം ലഭിച്ചു കൊണ്ടിരിക്കുകയാണ്. സഞ്ജുവിന്റെ ബാറ്റിംഗ് കണ്ട ശേഷം മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ, ആവേശം അടക്കാനാവാതെ ട്വിറ്ററിൽ തന്റെ പ്രതികരണം അറിയിച്ചു.

“സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ചു. അദ്ദേഹത്തിന്റെ ബാക്ക് ഫുട്ട് പ്രകടനം കാണേണ്ട ഒരു കാഴ്ച്ച തന്നെയായിരുന്നു,” ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. “ദൈവമേ.. എന്തൊരു ടാലെന്റ് ആണ് സഞ്ജു സാംസണ്. സഞ്ജു, നിങ്ങളുടെ ബാറ്റിംഗിൽ നിന്ന് എനിക്ക് കണ്ണെടുക്കാനെ സാധിച്ചില്ല,” എന്നാണ് മുൻ ഇന്ത്യൻ താരവും സെലെക്ഷൻ മേധാവിയുമായിരുന്ന കൃഷ് ശ്രീകാന്ത് സഞ്ജുവിന്റെ ബാറ്റിംഗിനെ കുറിച്ച് പ്രതികരിച്ചത്.

സഞ്ജുവിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗും അഭിപ്രായപ്പെട്ടു. “രാജസ്ഥാൻ റോയൽസിന്റെ പ്രകടനം ഗംഭീരമായിരുന്നു, സഞ്ജു സാംസന്റെ ബാറ്റിംഗ് അതിഗംഭീരം. യുസ്വേന്ദ്ര ചാഹലിന്റെ ബൗളിംഗും മികച്ചത് തന്നെ, അദ്ദേഹം തന്നെയാണ് എന്റെ മാൻ ഓഫ് ദി മാച്ച് തിരഞ്ഞെടുപ്പ്,” ഹർഭജൻ ട്വീറ്റ് ചെയ്തു.