“ക്യാപ്റ്റൻ പെനാൽറ്റി നഷ്ടപ്പെടുത്തി , സന്തോഷ് ട്രോഫിയിൽ കേരളത്തെ പൂട്ടി മേഘലായ ” |Santhosh Trophy

സന്തോഷ് ട്രോഫി ഫുട്ബോളില്‍ മേഘാലയക്കെതിരേ സമനിലയില്‍ കുടുങ്ങി കേരളം. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമും രണ്ടു ഗോളുകള്‍ വീതം നേടി. ക്യാപ്റ്റന്‍ ജിജോ ജോസഫ് പെനാല്‍റ്റി പാഴാക്കിയത് കേരളത്തിന് തിരിച്ചടിയായി. മേഘാലയ ഗോള്‍കീപ്പര്‍ ഫ്രോളിക്സണ്‍ ഡഖാറിന്റെ മികവും കേരളത്തിന്റെ ജയം തടഞ്ഞു.

പശ്ചിമ ബംഗാളിനെതിരേ വിജയം നേടിയ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് കേരളം മേഘാലയക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. അണ്ടര്‍ 21 താരം ഷിഗിലിന് പകരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ ഇടംനേടി. 17ആം മിനുട്ടിൽ സഫ്നാദിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ‌. വലതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് കയറി ക്രോസ് നൽകിയ നിജോ ഗിൽബേർട് സഫ്നാദിനെ കണ്ടെത്തി. താരം ഫസ്റ്റ് ടച്ച് ഫിനിഷിൽ കേരളത്തെ മുന്നിൽ എത്തിച്ചു.

ഇതിനു ശേഷം 28ആം മിനുട്ടിൽ സമാനമായ നീക്കത്തിൽ സോയൽ ജോഷിൽ വലർഹു വിങ്ങിൽ നിന്ന് വിക്നേഷിനെ കണ്ടെത്തുകയും വിക്നേഷ് ഗോൾ നേടുകയും ചെയ്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.പിന്നീട് ഗോളി മാത്ര മുന്നിലിരിക്കെ നിജോ തൊടുത്ത് ഷോട്ട് പുറത്തേക്ക് പോയി. 39ആം മിനുട്ടിൽ മേഘാലയയുടെ ഒരു ഫ്രീകിക്ക് ഫുൾ ലെങ്ത് ഡൈവിലൂടെ മിഥുൻ തടഞ്ഞു. പക്ഷെ അധികം നീണ്ടു നിന്നില്ല കേരളത്തിന്റെ പ്രതിരോധം. നാല്പ്പതാം മിനുട്ടിൽ കൈൻസൈബോർ ഒരു ഹെഡറിലൂടെ മിഥുനെ കീഴ്പ്പെടുത്തി മത്സരം സമനിലയിലാക്കി.

രണ്ടാം പകുതിയിൽ തുടക്കത്തിൽ 49ആം മിനുട്ടിൽ ജെസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി പക്ഷെ ക്യാപ്റ്റൻ ജിജോ ജോസഫിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയി. ജിജോയുടെ പെനാൾട്ടി ഗോൾ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.55ആം മിനുട്ടിൽ മേഘാലയ രണ്ടാം ഗോൾ നേടി.ഫിഗോ ആണ് മേഘാലയ്ക്ക് ലീഡ് നൽകിയത്.

കേരളം പെട്ടെന്ന് തന്നെ തിരിച്ചടിച്ചു.ഇടതു വിങ് ബാക്കായ ഷഹീഫ് ആ പന്ത് വലയിൽ എത്തിച്ച് കേരളത്തിന് സമനില നൽകി സ്കോർ 2 -2 ആക്കി. കേരളം അവസാന നിമിഷങ്ങളിൽ വിജയ ഗോളിന് അടുത്തിയെങ്കിലും ലക്‌ഷ്യം കാണാനായില്ല.3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. മേഘാലയക്ക് 2 മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ഉണ്ട്.

കടപ്പാട്