20,000 പന്തെറിഞ്ഞ് സഹായിച്ചത് ആ താരം… വമ്പനടിക്ക് പിന്നിലെ കാരണം പറഞ്ഞ് സഞ്ജു സാംസൺ

തന്റെ പ്രകടനത്തെ അഭിനന്ദിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍. ലോക്ഡൗണ്‍ സമയത്ത് തന്നെ പിന്തുണച്ചവര്‍ക്കും നന്ദി അറിയിക്കുന്നു. എന്നെ പരിശീലിനത്തിന് സഹായിച്ചതിന് റൈഫി ഗോമസിനോട് പ്രത്യേകം നന്ദി പറയുന്നു. ലോക്ഡൗണ്‍ സമയത്ത് 20000ത്തില്‍ അധികം പന്തുകള്‍ റൈഫി എനിക്കായി എറിഞ്ഞ് തന്നത്. ടൂര്‍ണമെന്റില്‍ മികച്ച തുടക്കമാണ് ഞങ്ങളുടെ ടീമിന് ലഭിച്ചത്. ഒരുപാട് മുന്നോട്ട് പോകാനുണ്ട്. പിന്തുണ തുടരണം എന്നും സഞ്ജു കുറിച്ചു.റൈഫി വിന്‍സെന്റ് ഗോമസ് മുന്‍ കേരളാ താരമാണ്. സഞ്ജുവിന്റെ മെന്‍ഡറാണ് അദ്ദേഹം. തിരുവനന്തപുരത്തെ റൈഫിയുടെ വീട്ടിന്റെ ടെറസില്‍ ഒരുക്കിയ നെറ്റ്‌സിലായിരുന്നു സഞ്ജുവിന്റെ ലോക്ഡൗണ്‍ കാലത്തെ പരിശീലനം. ഇതാണ് ഐപിഎല്ലിലെ മികവായി സഞ്ജു കാണുന്നത്.

കഴിഞ്ഞ ആറുമാസമായി സഞ്ജുവിനെ മത്സരത്തിനായി സജ്ജമാക്കുകയായിരുന്നു റൈഫി. ശരീരം മിനുക്കിയെടുക്കുന്നതില്‍ മാത്രമായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ. പക്ഷേ അദ്ദേഹം ഫിറ്റായിരിക്കാന്‍ നന്നായി ശ്രമിച്ചിട്ടുണ്ടെന്ന് റൈഫി പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് വലിയ പ്രതിസന്ധിയിലായിരുന്നു പരിശീലനം. ഒരുപാട് കാര്യങ്ങളും സൗകര്യങ്ങളും സഞ്ജുവിനില്ലായിരുന്നു. എന്റെ വീടിന്റെ ടെറസിലായിരുന്നു. ആദ്യ ഘട്ടത്തിലെ പരിശീലനം. ഞാന്‍ തന്നെ സഞ്ജുവിന് പന്തെറിഞ്ഞ് കൊടുക്കും. പല തരത്തിലുള്ള പന്തുകളിലാണ് ഞങ്ങള്‍ ഫോക്കസ് ചെയ്തിരുന്നത്. ബൗണ്‍സറുകളും യോര്‍ക്കറും അടക്കമുള്ള വേരിയേഷനുകളും പരീക്ഷിച്ചു. എങ്ങനെ ബാറ്റ് ചെയ്യുമ്പോള്‍ നില്‍ക്കണം, ബാലന്‍സിംഗ് തുടങ്ങിയ കാര്യങ്ങളും കൃത്യമായി പറഞ്ഞ് കൊടുത്തു. ദിവസം ആറോ ഏഴോ മണിക്കൂര്‍ വരെ പരിശീലനം നടത്താറുണ്ടായിരുന്നുവെന്നും റൈഫി പറഞ്ഞു.

മുന്‍ കേരള രഞ്ജി ടീം ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ റൈഫി സഞ്ജുവിനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട താരമാണ്. തനിക്ക് 12 വയസ്സുള്ളപ്പോള്‍ മുതല്‍ സഞ്ജുവിനെ അറിയാമെന്ന് റൈഫി പറഞ്ഞു. റൈഫി മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി ടസ്‌കേഴ്‌സ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റര്‍ എന്ന രീതിയിലേക്കുള്ള സഞ്ജുവിന്റെ പരിണാമമാണ് കാണുന്നത്. മികച്ച അത്‌ലറ്റ് കൂടിയാണ് സഞ്ജുവെന്ന് റൈഫി പറയുന്നു. സഞ്ജു അദ്ദേഹത്തിന്റെ ഡയറ്റിനടക്കം വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും റൈഫി പറഞ്ഞു. വിരാട് കോലിയില്‍ നിന്ന് അദ്ദേഹം പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും റൈഫി പറഞ്ഞു.

വൈശാഖൻ എം കെ