‘ലക്ഷ്യം വേൾഡ് കപ്പ്’ : ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഏഴു വർഷത്തെ കരാറിൽ ഒപ്പിടാൻ സൗദി അറേബ്യ |Cristiano Ronaldo

ഖത്തർ ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ-നാസർ എഫ്‌സിയുമായി കരാർ ഒപ്പിടുമെന്ന് ശക്തമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ റൊണാൾഡോ തന്നെ അത് നിഷേധിച്ചതോടെ അഭ്യൂഹങ്ങൾ ഏതാണ്ട് അവസാനിച്ചു. എന്നാൽ അന്ന് വന്ന റിപ്പോർട്ടുകൾ സത്യമാകാം എന്നതാണ് ഇപ്പോൾ സ്ഥിതി. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബുമായി കൂടുതൽ അടുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഈ സീസൺ അവസാനം വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിലേർപ്പെട്ടിരുന്നുവെങ്കിലും, ലോകകപ്പിന് മുമ്പുള്ള ഒരു അഭിമുഖത്തിൽ റൊണാൾഡോ ക്ലബ്ബിനെ വിമർശിച്ചതിനെ തുടർന്ന് ക്ലബ്ബ് താരത്തിനെതിരെ നടപടി എടുക്കുകയും നിലവിലുള്ള കരാർ റദ്ദാക്കുകയും ചെയ്തു. പോർച്ചുഗൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെ റയൽ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടിൽ പരിശീലനം നേടിയ റൊണാൾഡോ കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ പ്രത്യക്ഷപ്പെട്ടതോടെ താരം അൽ നാസറുമായി കരാർ ഒപ്പിടുമെന്ന റിപ്പോർട്ടുകൾ ശക്തമായി.

സ്പാനിഷ് മാധ്യമമായ മാർക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറുമായി പ്രതിവർഷം 200 മില്യൺ യൂറോ ശമ്പളത്തിന് രണ്ട് വർഷത്തെ കരാറിൽ ഒപ്പിടാൻ പോകുന്നു. എന്നാൽ റൊണാൾഡോയും സൗദി അറേബ്യയും തമ്മിലുള്ള കരാർ അവിടെ അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം 2030 ഫിഫ ലോകകപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഇതിന് ശക്തിപകരാൻ റൊണാൾഡോയെ സൗദി അറേബ്യയുടെ അംബാസഡറായി നിയമിക്കുകയും അൽ നാസറുമായി ഏഴ് വർഷത്തെ കരാറിൽ താരം ഒപ്പിടുകയും ചെയ്യും.

നിലവിൽ സൗദി അറേബ്യയുടെ അംബാസഡറാണ് ലയണൽ മെസ്സി. രാജ്യത്തിന്റെ ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി ലയണൽ മെസ്സി അംബാസഡറായി പ്രവർത്തിക്കുന്നു. റൊണാൾഡോയും ഇതിനൊപ്പം ചേർന്നാൽ ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളെ ഒന്നിപ്പിക്കാൻ സൗദിക്ക് സാധിക്കും. ഫുട്ബോൾ പ്രേമികൾ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇതോടെ സൗദി അറേബ്യയിലാകും. ഖത്തർ ലോകകപ്പ് വൻ വിജയമായ സാഹചര്യത്തിൽ 2030 ലോകകപ്പ് സൗദി അറേബ്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്കും ഇത് ശക്തിപകരും.

Rate this post