❝500 തികച്ച് ലൂയി സുവാരസ് ,സെഞ്ച്വറിയുമായി കിലിയൻ എംബപ്പേ❞

ഇന്നലെ ലാ ലീഗയിൽ അലാവാസിനെതിരെ നേടിയ ഗോളോടെ കരിയറിൽ 500 ഗോളുകൾ എന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വൻ സ്‌ട്രൈക്കർ ലൂയി സുവാരസ്. നിലവിൽ സജീവമായിരിക്കുന്ന കളിക്കാരിൽ 500 ഗോൾ നേടുന്ന അഞ്ചാമത്തെ താരമാണ് സുവാരസ്.ക്രിസ്റ്റ്യാനോ റൊണാൾഡോ (770),ലയണൽ മെസ്സി (732), സ്ലാറ്റൻ ഇബ്രാഹിമോവിച്ച് (564), റോബർട്ട് ലെവാൻഡോവ്സ്കി (516) എന്നിവരാണ് മറ്റ് താരങ്ങൾ.

സെപ്റ്റംബറിൽ ബാഴ്സലോണയിൽ നിന്ന് ഒരു സൗജന്യ ട്രാൻസ്ഫറിൽ എത്തിയ സുവാരസ് ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ നേടിയിട്ടുണ്ട്.2014-2020 കാലയളവിൽ ബാഴ്‌സയ്ക്കായി ആറ് സീസണുകളിൽ നിന്ന് 198 ഗോളുകൾ നേടിയിട്ടുണ്ട് സുവാരസ്.2015-16 ൽ 40 ഗോളുകൾ നേടിയ ശേഷം ലാ ലിഗയുടെ ടോപ്പ് ഗോൾ സ്‌കോറർ എന്ന നിലയിൽ “പിച്ചിച്ചി” അവാർഡ് നേടിയിട്ടുണ്ട്.

ലിവർപൂളിനായി 82 ഗോളുകൾ (2011-14), അജാക്സിന് 111 ഗോളുകൾ (2007-10), ഗ്രോനിംഗെന് 15 ഗോളുകൾ (2006-07), നാഷണലിന് (2005-06) 12 ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്. ഉറുഗ്വേ ദേശീയ ടീമിനൊപ്പം 116 ക്യാപ്പുകളിൽ നിന്ന് 63 ഗോളുകൾ നേടിയ സുവാരസ് അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ് .

ഫ്രഞ്ച് ലീഗിൽ ഇന്നലെ ലിയോണിനെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ സൂപ്പർ താരം കിലിയൻ എംബപ്പേ പുതിയ നാഴിക കല്ല് പിന്നിട്ടു. ഫ്രഞ്ച് ലീഗിൽ 100 ഗോൾ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബപ്പേ മാറി.50 വർഷത്തിലേറെയായി ഹെർവ് റെവല്ലി കൈവശം വച്ചിരുന്ന റെക്കോർഡാണ് 22 കാരൻ തകർത്തത്.1969 ൽ സെയിന്റ് എറ്റിയേന്നിനായി കളിക്കുന്നതിനിടെയാണ് റെവല്ലി ഈ നേട്ടം കൈവരിച്ചത്.

2015 ൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം കുറിച്ച എംബപ്പേ രണ്ടു സീസണിൽ മൊണോക്കോ വേണ്ടി 16 ഗോളുകൾ നേടി. 2017 -18 ൽ പാരിസിൽ എത്തിയ എംബപ്പേ 101 മത്സരങ്ങളിൽ നിന്നും 84 ഗോളുകൾ ശാന്തം പേരിൽ കുറിച്ചു. ഇന്നലത്തെ വിജയത്തോടെ പിഎസ്ജി ലീഗിൽ ലില്ലിയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയും ചെയ്തു