‘നിങ്ങളുടെ രാജ്യത്തെ കുറിച്ച് വേവലാതിപ്പെടാം’ : അർജന്റീനയെക്കുറിച്ചുള്ള സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ പ്രസ്താവനകൾക്കെതിരെ സെർജിയോ അഗ്യൂറോ

ഖത്തറിൽ അർജന്റീന ലോകകപ്പ് നേടിയതിന് ശേഷം കളിക്കാർ ആഘോഷിച്ച രീതിയിൽ തനിക്ക് സന്തോഷമില്ലെന്ന് സ്വീഡിഷ് വെറ്ററൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അടുത്തിടെ പ്രതികരിച്ചിരുന്നു. കിരീടം നേടിയതിന് ലയണൽ മെസ്സി എപ്പോഴും ഓർമ്മിക്കപ്പെടുമെങ്കിലും അർജന്റീനയുടെ മറ്റ് കളിക്കാരെ ഒരു തരത്തിലും ഓർമ്മിക്കില്ലെന്ന് സ്ലാറ്റൻ പറഞ്ഞു.

അത് കൂടാതെ അർജന്റീന ഇനിയൊരു കിരീടം നേടില്ലെന്നും താരം രൂക്ഷമായ പരാമർശം നടത്തി.ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ നടത്തിയ ആഘോഷത്തിനിടെ ഫൈനലിൽ ഹാട്രിക് നേടിയ ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയെ കളിയാക്കിയതിന് അർജന്റീന താരങ്ങളെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിമർശിച്ചു. ഇബ്രാഹിമോവിച്ചിന്റെ പ്രതികരണത്തിന് മറുപടിയുമായി അർജന്റീനയുടെ മുൻ താരം സെർജിയോ അഗ്യൂറോ.

“അവർ മോശമായി പെരുമാറിയെന്ന് പറയുകയാണെങ്കിൽ, അതു പറയാൻ ഏറ്റവും കുറഞ്ഞ യോഗ്യത മാത്രമുള്ളയാളാണ് നിങ്ങൾ. ഇത് നിങ്ങളുടെ അഭിപ്രായമാണ് എങ്കിലും ഇക്കാര്യത്തിൽ നിങ്ങൾ തന്നെ തെറ്റാണ്. ഞങ്ങൾ ഇനിയൊന്നും വിജയിക്കില്ലെന്നു പറഞ്ഞത് വളരെ മര്യാദകേടാണ്. അർജന്റീനയെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടുന്നതിനു മുൻപ് കഴിഞ്ഞ ലോകകപ്പുകളിൽ ഇല്ലാതിരുന്ന നിങ്ങളുടെ രാജ്യത്തെക്കുറിച്ചും നിങ്ങളുടെ കളിക്കാരെക്കുറിച്ചും ആശങ്ക കാണിക്കുക.” അഗ്യൂറോ പറഞ്ഞു.

താനൊരു ടോപ് ലെവൽ പ്രൊഫെഷണൽ എന്ന നിലയിലാണ് അർജന്റീനക്കു നേരെ വിമർശനം ഉന്നയിക്കുന്നതെന്ന് സ്ലാട്ടൻ പറഞ്ഞിരുന്നു. അത്രയും വലിയ തലത്തിലുള്ള പ്രൊഫെഷണൽ താരമായിട്ടും നിങ്ങളും മോശമായി പെരുമാറിയിട്ടില്ലേയെന്നും അഗ്യൂറോ ചോദിച്ചു. ഞങ്ങൾക്ക് നേരെ കല്ലെറിയുന്നില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് എറിയാൻ നിൽക്കില്ലെന്നും അഗ്യൂറോ തന്റെ ട്വിച്ച് ചാനലിലൂടെ സംസാരിക്കുമ്പോൾ പറഞ്ഞു.ലയണൽ മെസ്സി ലോകകപ്പ് നേടിയത് സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ നിരാശപ്പെടുത്തിയിരിക്കാമെന്നും മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് അംഗീകരിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും അഗ്യൂറോ ശ്രദ്ധിച്ചു.

അർജന്റീനയ്‌ക്കൊപ്പം മെസ്സി ലോകകപ്പ് നേടിയത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി വ്യക്തമാണ്, കരിയറിൽ മൈതാനത്ത് മികച്ച പെരുമാറ്റം കാണിച്ച കളിക്കാരനാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്ന് താൻ കരുതുന്നില്ലെന്ന് അഗ്യൂറോ പറഞ്ഞു.

Rate this post