❝ ഇന്ത്യയെ നമ്മൾ 🇮🇳💝 ചേർത്തുപിടിക്കണം
ഒറ്റപെടുത്തരുത് 💰💉 നമ്മുടെ സഹായം
ആവശ്യമാണ് ❞

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ത്യ. നിലവിൽ കോവിഡ് ഏറ്റവും ബാധിച്ചിരിക്കുന്ന രാജ്യം ഇന്ത്യയാണ്.റെക്കോർഡ് കോവിഡ് കേസുകളാണ് രാജ്യത്ത് ഓരോ ദിനവും ഇപ്പോൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. മഹാമാരി ഇന്ത്യയെ അതിശക്തമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇവിടുത്തെ കോവിഡ് അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ്.

വെള്ളിയാഴ്ച, സ്പെയിൻ ഇന്റർനാഷണൽ ഫുട്ബോൾ താരം യുനിസെഫ് വെബ്‌സൈറ്റിലേക്കുള്ള ഒരു ലിങ്ക് വഴി ഇന്ത്യയിലെ പകർച്ചവ്യാധിയെ സഹായിക്കാൻ സംഭാവന നൽകാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ആഴ്ചകളിൽ വൈറസിന്റെ രണ്ടാമത്തെ തരംഗം ഇന്ത്യയെ സാരമായി ബാധിച്ചു. വ്യാഴാഴ്ച രാജ്യത്ത് 386,000 കേസുകളും 3498 മരണങ്ങളും രേഖപ്പെടുത്തി.


“ഇന്ത്യയിൽ മരണങ്ങളും, അണുബാധയും വർധിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ ഏറ്റവും മുന്നിലുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുണിസെഫ് ഭയപ്പെടുന്നു‌ അവർക്ക് അടിയന്തരമായി നമ്മളുടെ സഹായം ആവശ്യമാണ്,” യുണിസെഫിന്റെ ലിങ്ക് പങ്കു വെച്ചു കൊണ്ട് റാമോസ് ട്വിറ്ററിൽ കുറിച്ചു.

രണ്ടാഴ്ച മുമ്പ് കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് 10 ദിവസ നിർബന്ധിത ക്വാറന്റൈന് വിധേയനാവേണ്ടി വന്ന താരത്തിന് ചെൽസിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ കളിക്കാനായിരുന്നില്ല. ഈ സമയം പരിക്കിന്റെ പിടിയിൽ കൂടിയായിരുന്നു സ്പാനിഷ് താരം.എസ്റ്റാഡിയോ ആൽഫ്രെഡോ ഡി സ്റ്റെഫാനോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിയുടെ ഫസ്റ്റ്-ലെഗ് പോരാട്ടത്തിൽ നിന്നും വിട്ടു നിന്നെങ്കിലും രണ്ടാം പാദത്തിൽ റാമോസ് തിരിച്ചു വരും.