❝ ആരാധകരെ 🇪🇸⚽നിരാശരാക്കുന്ന
അടുത്ത വാർത്തയും 💔എത്തി ❞

അടുത്ത മാസം തുടങ്ങുന്ന യൂറോ കപ്പിൽ കളിക്കില്ലെന്ന് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരമായ ഹോളണ്ട് നായകൻ വിർജിൽ വാൻഡൈക്ക് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കാൽമുട്ടിന് ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ് ലിവർപൂൾ പ്രതിരോധ താരമായ വാൻഡൈക്ക്. ഹോളണ്ട് നായകന് പിന്നാലെ മറ്റൊരു സൂപ്പർ ഡിഫെൻഡറായ സ്പാനിഷ് നായകൻ സെർജിയോ റാമോസും യൂറോ കപ്പിനുള്ള സ്പെയിന്റെ സ്ക്വാഡിൽ ഉണ്ടാകുമോ എന്നത് അനിശ്ചിതമായിരിക്കുകയാണ്.

നാല് സെന്റർ ബാക്കുകളെ സ്ക്വാഡിൽ ഉൾപ്പെടുത്താനാണ് എന്റിക്വെയുടെ നീക്കം. റാമോസ്, മാഞ്ചസ്റ്റർ സിറ്റിയുടെ എറിക് ​ഗാർസിയ, വിയ്യാറയലിന്റെ പാവു ടോറസ്,അത്ലറ്റികോ ബിൽബാവോയുടെ ഇനി​ഗോ മാർട്ടിനെസ് എന്നിവർക്കായിരുന്നു പരി​ഗണന നൽകിയത്. എന്നാൽ ഇതിനിടെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് സെന്റർ ബാക്ക് അയ്മെറിക്ക് ലാപോർട്ടെ, സ്പാനിഷ് പൗരത്വം സ്വീകരിച്ചത്. എന്റിക്വെ തന്നെയാണ് ഈ നിക്കത്തിന് മുൻകൈയെടുത്തത് എന്നതിനാൽ സ്പെയിന്റ് യൂറോ സ്ക്വാഡിൽ ലാപോർട്ടെ ഉണ്ടാകുമെന്ന് ഉറപ്പായി.


ലാപോർട്ടെയെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെങ്കിൽ മേൽപ്പറഞ്ഞവരിൽ ഒരാളെ ഒഴിവാക്കേണ്ടിവരും. നിരന്തരം പരുക്കേൽക്കുന്ന സാഹചര്യത്തിൽ റാമോസിനെ ഒഴിവാക്കാൻ എന്റിക്വെ തീരുമാനിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടിവരില്ല. മികച്ച ശാരീരികക്ഷമതയുള്ള താരങ്ങളെ മാത്രമെ താൻ യൂറോ സ്ക്വാഡിലുൾപ്പെടുത്തുവെന്നാണ് കഴിഞ്ഞ ദിവസം എന്റിക്വെ മൂവിസ്റ്റാറിനോട് പറഞ്ഞത്.അടുത്ത വ്യാഴാഴ്ചയാണ് സ്പെയിന്റെ യൂറോ കപ്പിനുള്ള സ്ക്വാഡ് എന്റിക്വെ പ്രഖ്യാപിക്കുക. ഇക്കുറി 26 താരങ്ങളെ വരെ സ്ക്വാഡിൽ ഉൾപ്പെടുത്താം. അതിനാൽ അഞ്ചാം സെന്റർ ബാക്കായി റാമോസിനെ ടീമിലുൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കഴിഞ്ഞ ഒക്‌ടോബറിൽ എവർട്ടനെതിരായ പ്രീമിയ‍ർ ലീഗ് മത്സരത്തിനിടെയാണ് വാൻഡൈക്കിന് പരിക്കേറ്റത്. തൊട്ടുപിന്നാലെ ശസ്‌ത്രക്രിയക്ക് വിധേയനായ വാൻഡൈക്ക് ഇതിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ് യൂറോകപ്പ്. ഗ്രൂപ്പ് സിയിൽ ഉക്രൈയ്ൻ, ഓസ്‌ട്രിയ, വടക്കൻ മാസിഡോണിയ എന്നിവരെയാണ് ഹോളണ്ട് നേരിടുക.2018/19 സീസണില്‍ യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ താരമാണ് വിർജിൽ വാൻഡൈക്ക്. ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മറികടന്നായിരുന്നു ലിവർപൂൾ താരത്തിന്‍റെ നേട്ടം. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡര്‍ എന്ന നേട്ടത്തില്‍ അന്ന് വാൻഡൈക്ക് ഇടംപിടിച്ചിരുന്നു.