സീസണിലെ ക്യാച്ച്? ഡേവിഡ് വാർണറെ പുറത്താക്കാൻ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ എടുത്ത ഡൈവിങ് ക്യാച്ച്

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് പരാജയം. വളരെ നിർണായകമായ മത്സരത്തിൽ 15 റൺസിന്റെ പരാജയമാണ് പഞ്ചാബ് കിങ്സ് നേരിട്ടത്. മത്സരത്തിൽ ഡൽഹിക്കായി മുൻനിര ബാറ്റർമാർ നിറഞ്ഞാടുകയായിരുന്നു. റൈലി റൂസോയും ഡേവിഡ് വാർണറും പൃഥ്വി ഷായും മത്സരത്തിൽ തകർത്താടിയപ്പോൾ ഡൽഹി അനായാസം വിജയത്തിൽ എത്തുകയായിരുന്നു. ഡൽഹിയുടെ മത്സരത്തിലെ വിജയം പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇനി ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടെങ്കിൽ മാത്രമേ പഞ്ചാബിന് പ്ലേയോഫിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കു.

ടോസ് നേടിയ പഞ്ചാബ് മത്സരത്തിൽ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഡൽഹി തങ്ങളുടെ ആദ്യ ഇന്നിങ്സിൽ കാഴ്ചവെച്ചത്. നായകൻ ഡേവിഡ് വാർണറും പൃഥ്വി ഷായുമായിരുന്നു ആദ്യ ഓവറുകളിൽ ആക്രമണം അഴിച്ചുവിട്ടത്. വാർണർ മത്സരത്തിൽ 31 പന്തുകളിൽ 46 റൺസ് നേടി.ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെ പുറത്താക്കാൻ പഞ്ചാബ് കിംഗ്‌സ് നായകൻ ശിഖർ ധവാൻ എടുത്ത് ക്യാച്ച് ആണ് ആരാധകർക്കിടയിലെ സംസാര വിഷയം.

സീസണിലെ ക്യാച്ച് ആയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കുറാൻഎറിഞ്ഞ പന്തിൽ വാർണർ ഉയർത്തിയടിച്ച പന്ത് പിന്നിലേക്ക് ഓടി ശിഖർ ധവാൻ കൈപ്പിടിയിൽ ഒതുക്കി.യഥേഷ്ടം റൺസ് നേടുന്ന ഡൽഹി ക്യാപിറ്റൽസ് ബാറ്റർമാരെ സമ്മർദത്തിലാക്കിയ ക്യാച്ച് കളിയിലെ വഴിത്തിരിവായി. പിന്നാലെ 38 പന്തുകളിൽ 54 റൺസെടുത്ത ഷായും പുറത്തായി. ശേഷം മൂന്നാമനായി ക്രീസിലെത്തിയ റൈലി റൂസോ ഡൽഹിക്കായി ആക്രമണം അഴിച്ചുവിട്ടു. 37 പന്തുകളിൽ 82 റൺസ് ആയിരുന്നു റൂസോയുടെ സമ്പാദ്യം. ഇന്നിംഗ്സിൽ ആറു ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ ഫിൽ സോൾട്ടും 14 പന്തുകളിൽ 26 റൺസുമായി നിറഞ്ഞുനിന്നതോടെ ഡൽഹിയുടെ സ്കോർ 213 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ശിഖർ ധവാന്റെ വിക്കറ്റ് പഞ്ചാബിന് തുടക്കത്തിൽ തന്നെ പഞ്ചാബിന് നഷ്ടമായി. ശേഷം പ്രഭുസിംറാനും അധർവാ തൈടെയും ചേർന്ന് പഞ്ചാബിന്റെ സ്കോർ പതുക്കെ ചലിപ്പിക്കുകയായിരുന്നു. പ്രഭസിമ്രാൻ മത്സരത്തിൽ 19 പന്തുകളിൽ 22 റൺസാണ് നേടിയത്. അധർവ തൈടെ(55) പവർപ്ലേ ഓവറുകളിൽ നിറഞ്ഞാടി. ശേഷം നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണും പഞ്ചാബിനായി സർവ്വശക്തിയുമെടുത്ത് പൊരുതുകയായിരുന്നു.

പഞ്ചാബിന്റെ മറ്റു മധ്യനിര ബാറ്റർമാർ പരാജയമായപ്പോൾ ലിവിങ്സ്റ്റൺ ഒറ്റക്കൈയിൽ പഞ്ചാബിനെ തോളിൽ എടുത്ത് നീങ്ങി. അവസാന നാല് ഓവറുകളിൽ വലിയ വിജയലക്ഷ്യം തന്നെയായിരുന്നു പഞ്ചാബിന് മുൻപിലുണ്ടായിരുന്നത്. എന്നാൽ എല്ലാ ബോളർമാരെയും തലങ്ങും വിലങ്ങും പായിച്ച ലിവിങ്സൺ പഞ്ചാബിനെ സ്വപ്നം കാണിച്ചു. എന്നാൽ അവസാന രണ്ട് ഓവറുകളിൽ ഡൽഹി ക്യാപിറ്റൽസ് ബോളർമാർ വമ്പൻ തിരിച്ചുവരവ് തന്നെ നടത്തി. ഇതോടെ മത്സരത്തിൽ പഞ്ചാബ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മത്സരത്തിൽ ലിവിങ്സ്റ്റൺ 48 പന്തുകളിൽ 94 റൺസ് ആണ് നേടിയത്.

Rate this post