“നിര്‍ഭാഗ്യവാനാണ് സഞ്ജു, ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ട താരം” ; പ്രശംസയുമായി അക്തര്‍ |SANJU SAMSON

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ ടി20 ഫോർമാറ്റിൽ ഇന്ത്യൻ ദേശീയ ടീമിനായി ഒരു നീണ്ട കരിയറിന് അർഹനാണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി, 2015ൽ സിംബാബ്‌വെയിൽ അരങ്ങേറ്റം കുറിച്ച സഞ്ജു ഇന്ത്യക്കായി 10 ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചിരുന്നത്. അതിൽ തന്നെ 11.7 എന്ന ദയനീയ ശരാശരിയിൽ 117 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

എന്നാൽ, ഐപിഎൽ കണക്കുകൾ പരിശോധിച്ചാൽ രാജസ്ഥാൻ റോയൽസിനൊപ്പം 123 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 135.09 സ്ട്രൈക്ക് റേറ്റിൽ 3153 റൺസ് നേടിയ സഞ്ജു തന്റെ ബാറ്റിംഗ് പ്രകടനത്തിൽ സ്ഥിരത പുലർത്തുന്നതായി കാണാം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്തില്ലെങ്കിലും ശേഷിക്കുന്ന രണ്ട് ഗെയിമുകളിൽ 39, 18 എന്നിങ്ങനെ റൺസ് നേടിയിട്ടുണ്ട്. രണ്ടാം ടി20 മത്സരത്തിൽ, സഞ്ജു 25 പന്തിൽ 39 റൺസ് നേടിയപ്പോൾ, ശ്രീലങ്കൻ പേസർ ലഹിരു കുമാരക്കെതിരെ ഒരോവറിൽ മൂന്ന് സിക്സറുകൾ പറത്തിയതും ശ്രദ്ധേയമാണ്.

പാക്കിസ്ഥാനുവേണ്ടി 15 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അക്തർ, സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്നും സഞ്ജു ഇന്ത്യയുടെ വൈറ്റ്-ബോൾ ക്രിക്കറ്റ് പ്ലാനുകളിൽ സ്ഥിരം അംഗമാകാത്തത് നിർഭാഗ്യകരമാണെന്നും പറഞ്ഞു. “സഞ്ജു സാംസൺ ഇന്ത്യക്കായി കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായിരുന്നു. അദ്ദേഹം ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ, ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷേ, അവൻ ഒരു മികച്ച പ്രതിഭയാണ്,” അക്തർ പറഞ്ഞു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സഞ്ജു സാംസൺ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർ ജോസ് ബട്ട്‌ലർ, ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ എന്നിവർക്കൊപ്പം സഞ്ജുവിനെയും ഐപിഎൽ 2022 മെഗാലേലത്തിന് മുന്നോടിയായി റോയൽസ് നിലനിർത്തിയിരുന്നു. ഐ‌പി‌എൽ 2021 സീസണ് മുന്നോടിയായി ഫ്രാഞ്ചൈസി സ്റ്റീവ് സ്മിത്തിനെ വിട്ടയച്ചതിന് ശേഷമാണ് സഞ്ജു ക്യാപ്റ്റൻസി ഏറ്റെടുത്തത്.