❝ നീണ്ടമുടി പാടില്ല, സോഷ്യല്‍ മീഡിയയും വേണ്ട ❞ ; കളിക്കാർക്ക് വിചിത്ര നിർദേശങ്ങൾ

മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് താരങ്ങള്‍ക്ക് അല്‍പ്പംകൂടി സ്വാതന്ത്ര്യം നല്‍കുന്ന കായിക ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണ ക്രമം ഹെയർ സ്റ്റൈൽ മറ്റു വ്യക്തിപരമായ കാര്യങ്ങളിൽ പരിശീലകരോ ക്രിക്കറ്റ് ബോർഡോ കൂടുതൽ ഇടപെടാറില്ല. ക്രിക്കറ്റ് താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്.എന്നാലിതാ ബംഗാള്‍ അണ്ടര്‍ 23 ക്രിക്കറ്റ് ടീം പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ലയുടെ പരിഷ്‌കാരങ്ങളും നിയമങ്ങളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ശുക്ലയുടെ പ്രധാന നിര്‍ദ്ദേശം. കൂടാതെ മുടിനീട്ടി വളര്‍ത്തല്‍ വേണ്ടെന്നും യുവ കളിക്കാര്‍ക്ക് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ശുക്ല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുടിനീട്ടി വളര്‍ത്തിയവരെല്ലാം അത് മുറിച്ചശേഷം ട്രെയിനിങ് ക്യാമ്പിലെത്തിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് ക്യാമ്പ് തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. 60 ക്രിക്കറ്റ് കളിക്കാര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. കടുത്ത അച്ചടക്കമാണ് ശുക്ല കളിക്കാര്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നുംതന്നെ പോസ്റ്റ് ചെയ്യരുതെന്ന് കളിക്കാരോട് താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ശുക്ല പറഞ്ഞു. മുടിനീട്ടി വളര്‍ത്തിയവര്‍ ഉടന്‍ തന്നെ സലൂണിലെത്തി മുറിക്കേണ്ടതാണ്. കൂടാതെ ബംഗാളി പഠിക്കണമെന്നും കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശുക്ല വ്യക്തമാക്കി.

നാല് മണിക്കൂറോളമാണ് ദിവസവും താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. കളിക്കാരുടെ മികവ് വര്‍ധിപ്പിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്ന് ശുക്ല പറഞ്ഞു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ ക്രിക്കറ്റ് പരിശീലനത്തിന് എത്തണമെന്നാണ് തന്റെ ആഗ്രഹം. ജില്ലകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത് കളിക്കാരുടെ കഴിവ് കണ്ടെത്താന്‍ സഹായകമാകും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും യുവകളിക്കാര്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ ടീമിലേക്കുള്ള താരങ്ങളെ തീരുമാനിക്കുന്നത് ജൂനിയര്‍ ടീമിലൂടെയാണ്. അതാണ് ജൂനിയര്‍ ടീമിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കാന്‍ കാരണം-ലക്ഷ്മി രത്തന്‍ പറഞ്ഞു.നേരത്തെ പഞ്ചിമ ബംഗാള്‍ കായിക മന്ത്രിയായിരുന്നു ലക്ഷ്മി രത്തന്‍ ശുക്ല. ഇതിനുശേഷമാണ് പരിശീലകന്റെ വേഷത്തിലെത്തുന്നത്. ഒരോ കളിക്കാരും കഠിനമായ പരിശീലനത്തിലൂടെ സ്വയം പാകപ്പെടണമെന്ന ചിന്താഗതിക്കാരനാണ് ശുക്ല. ഇന്ത്യയ്ക്കുവേണ്ടി 3 ഏകദിന മത്സരങ്ങളിലെ രണ്ട് ഇന്നിങ്‌സുകളില്‍നിന്നായി 18 റണ്‍സാണ് സമ്പാദ്യം. ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.