ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ ഐസിസി വിലക്കിയേക്കും

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷനും ഒളിമ്പിക് കമ്മിറ്റിയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ സസ്പെൻഡ് ചെയ്തതിന് ശേഷം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലാണ്. ഇതിടെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ദൈനംദിന പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്നും ഇത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ടീമിനെ ബാധിക്കുമോ എന്ന് കണ്ടറിയണം.

ഐസിസി നിയമപ്രകാരം ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ല. ഇതു ലംഘിച്ചു കൊണ്ടാണ് രാജ്യത്തെ ഒളിംപിക് ബോഡിയുടെ നടപടി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.അടുത്തിടെ സിഎസ്എ പ്രസിഡന്റ് ക്രിസ് നെസ്‌നാനി, സിഇഒ ജാക്വസ് ഫോള്‍ എന്നിവര്‍ ചുമതലകളില്‍ നിന്നൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡിലെ എല്ലാവരും ഒഴിയാന്‍ ആവശ്യപ്പെട്ട ഒളിംപിക് കമ്മിറ്റി ക്രിക്കറ്റിന്റെ ഭരണവും ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, പ്രത്യേകിച്ച് 2019 ഡിസംബർ മുതൽ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ പല പ്രശ്‌നങ്ങളും നേരിടുന്നു. വംശീയത, വേതനം , അഴിമതി ആരോപണങ്ങൾ എന്നിവയാണ് മൂന്ന് പ്രധാന പ്രശ്‌നങ്ങൾ. ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തിൽ ഏതെങ്കിലും തരത്തിലുള്ള സർക്കാർ ഇടപെടലുകൾ ഐസിസി കോഡ് അനുവദിക്കുന്നില്ല.

സർക്കാർ ഇടപെടൽ വർദ്ധിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം സിംബാബ്‌വെ ക്രിക്കറ്റിനെ ഒരു നിശ്ചിത സമയത്തേക്ക് വിലക്കിയിരുന്നു . വർഷങ്ങൾക്കു മുൻപ് വർണ്ണവിവേചന നയങ്ങൾ കാരണം 1970 മുതൽ 1991 വരെ ദക്ഷിണാഫ്രിക്കയെ വിലക്കിയിരുന്നു.ഈ പ്രതിസന്ധി ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ ഐ‌പി‌എല്ലിൽ പങ്കെടുക്കുന്നതിന് ബാധിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമല്ല. അതേസമയം, ഒളിമ്പിക് കമ്മിറ്റിയുടെ നടപടിയോട് ക്രിക്കറ്റ് സൗത്താഫ്രിക്കയോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലോ (ഐസിസി) ഇനിയും പ്രതികരിച്ചിട്ടില്ല.