യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡൻ പ്രീ ക്വാർട്ടറിൽ കടന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ പോളണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് സ്വീഡൻ അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്.കളിയുടെ അവസാന കിക്കിലായിരുന്നു സ്വീഡന്റെ വിജയം.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി കളിയുടെ നിയന്ത്രണം സ്വീഡന് ഏറ്റെടുക്കാൻ ആയി. രണ്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചാണ് സ്വീഡൻ തുടങ്ങിയത്. ആദ്യ വിസിലിനു പിന്നാലെ അതിവേഗം പന്തുമായി കുതിച്ച സ്വീഡൻ, പോളിഷ് പെനാൽറ്റി ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വിങ്ങർ എമിൽ ഫോർസ്ബെർഗാണ് ഗോളാക്കുന്നത്. കഴിഞ്ഞ മത്സരത്തിലും ഫോർസ്ബർഗായിരുന്നു സ്വീഡനായി ഗോൾ നേടിയത്.
17ആം മിനുട്ടിൽ ലെവെൻഡോസ്കിയുടെ രണ്ടു ഷോട്ടുകൾ ഒറ്റ നിമിഷത്തിൽ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി.രണ്ടാം പകുതിയുടെ തുടക്കത്തിലും എമിൽ ഫോർസ്ബർഗ് (59) രണ്ടാം ഗോൾ നേടി മത്സരം സ്വീഡന്റെ വരുതിയിലാക്കി. കുളുസവേസ്കിയുടെ പാസിൽ നിന്നായിരുന്നു ഫോർസ്ബർഗ് ഗോൾ നേടിയത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത പോളണ്ട്സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ 61 ആം മിനുട്ടിൽ ഒരു ഗോൾ മടക്കി .
സമനിലക്കായി പൊരുതിയ പോളണ്ട് ലെവൻഡോവ്സ്കിയിലൂടെ ഗോളിലൂടെ 84 ആം മിനുട്ടിൽ സമനില പിടിച്ചു പ്രതീക്ഷകൾ സജീവമാക്കി. ഗോൾ വീണതോടെ മത്സരം കൂടുതൽ ആവേശകരമാക്കി. ഒരു ഗോൾ കൂടി നേടിയാൽ പോളിഷ് ടീമിന് പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാം എന്നാൽ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ വിക്ടർ ക്ലാസ്സെൻ നേടിയ ഗോളിലൂടെ സ്വീഡൻ വിജയം പിടിച്ചെടുത്തു. യുവ താരം കുളുസവസ്കിയാണ് ക്ളാസന്റെ ഗോൾ ഒരുക്കി കൊടുത്തതും.
ഗോളടിക്കാത്തതിന് പരിഹസിച്ചവരെ എല്ലാം നിശബ്ദരാക്കുന്ന പ്രകടനം നടത്തി കൊണ്ട് സ്പെയിൻ യൂറോ കപ്പിന്റെ പ്രീക്വാർട്ടറിലേക്ക് കടന്നത്. സ്ലൊവാക്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ടായിരിന്നു സ്പെയിനിന്റെ തേരോട്ടം.ഈ വലിയ പരാജയം സ്ലൊവാക്യയെ യൂറോ കപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജയം നിർണായകമായ മത്സരത്തിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ ആദ്യ ഇലവനെ ഒരുക്കിയത്. കോവിഡ് ബാധിച്ച് ആദ്യ രണ്ടു മത്സരം നഷ്ടമായ ക്യാപ്റ്റൻ സെർജിയോ ബുസ്ക്കറ്റസ് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.
സ്പാനിഷ് കോച്ചിൻറ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന താരമാണ് ബുസ്ക്കറ്റ്സ്. തനതുശൈലിയിൽ പന്ത് നിയന്ത്രിച്ച് തുടക്കം മുതലേ സ്പെയ്ൻ കളി തുടങ്ങി. 10ാം മിനിറ്റിൽ കോക്കെയെ ബോക്സിൽ ഫൗൾ ചെയ്തതിന് വാറിൽ സ്പെയിനിന് അനുകൂലമായി പെനാൽറ്റി വന്നു. പക്ഷേ, തുടർച്ചയായ രണ്ടാം മത്സരത്തിലും സെറ്റ് പീസിൽ സ്പാനിഷ് പടക്ക് പിഴച്ചു. പോളണ്ടിനെതിരെ ജെറാഡ് മോറിനോക്കാണ് പിഴച്ചതെങ്കിൽ ഇത്തവണ മൊറാറ്റയുട കിക്ക് സ്ലൊവാക്യൻ ഗോൾ കീപ്പർ മാർട്ടിൻ ദുബ്റാവ്ക തടുത്തിട്ടു. എന്നാൽ ഡുബ്രവ്ക ഹീറോ ആയി നിൽക്കുന്ന സമയത്താണ്പാബ്ലോ സെറാബിയയുടെ ഉഗ്രൻ ഷോട്ട് ബാറിൽ തട്ടി ഉയർന്നു പൊങ്ങി പന്ത് തിരികെയെത്തിയത് പുറത്തേക്ക് തട്ടിമാറ്റുന്നതിൽ സ്ലൊവാക്യൻ ഗോൾ കീപ്പർക്ക് പിഴക്കുകയായിരുന്നു.താരം പന്ത് തട്ടി ഇട്ടത് സ്വന്തം വലയിൽ തന്നെ ആയിപ്പോയി. ഡുബ്രവ്ക ഹീറോയിൽ നിന്ന് സീറോ ആയി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നോടിയായി സ്പെയിൻ രണ്ടാം ഗോളും നേടി. ഇത്തവണ സെന്റർ ബാക്കായ ലപോർടെയുടെ ഹെഡർ ആണ് വലയിൽ എത്തിയത്. രണ്ടാം പകുതി പാബ്ലോ സെറാബിയയും(56), ഫെറാൻ ടോറസിൻറയും(67) കിടിലൻ ഗോളുകൾ. 71ാം മിനിറ്റിൽ സ്ലോവാക്യൻ മിഡ്ഫീൽഡർ ജുറാജ് കുക്കയുടെ സെൽഫ് ഗോളുകൾ കൂടി വീണപ്പോൾ, സ്പാനിഷ് പട വിജയം ഉറപ്പിച്ചു.ഈ വിജയം സ്പെയിനിനെ അഞ്ചു പോയിന്റിൽ എത്തിച്ചു. ക്രൊയേഷ്യയെ ആകും സ്പെയിൻ പ്രീക്വാർട്ടറിൽ നേരിടുക. ഇന്ന് പോളണ്ടിനെ തോൽപ്പിച്ച സ്വീഡൻ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന സ്ലൊവാക്യക്ക് ഗോൾ ഡിഫറൻസ് വലിയ തിരിച്ചടി ആയി.