സ്പാനിഷ് ലാ ലീഗയിൽ മികച്ച ഫോം തുടർന്ന് ബാഴ്സലോണ . മെസ്സിയും ഗ്രീസ്മാനും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ഗ്രനാഡയെയാണ് ബാഴ്സലോണ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ ലാ ലീഗയിൽ മൂന്നാം സ്ഥാനത്ത് എത്താനും ബാഴ്സലോണക്കായി. ലാ ലീഗയിൽ പരാജയമറിയാതെയുള്ള ബാഴ്സലോണയുടെ എട്ടാമത്തെ മത്സരമായിരുന്നു ഇത്.തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് മെസ്സി 2 ഗോളുകൾ നേടുന്നത്.

മത്സരത്തിന്റെ 12ആം മിനുട്ടിൽ ഗ്രീസ്മാനിലൂടെയാണ് ബാഴ്സലോണ ആദ്യ നേടിയത്.സെർജിയോ ബുസ്ക്വറ്റിന്റെ പാസ് റോബർട്ടോ സോൾഡഡോയുടെ കാലിൽ തട്ടി ഫ്രഞ്ച് താരത്തിൽ എത്തുകയും ഗ്രീനഡ ഗോൾകീപ്പർ റൂയി സിൽവയെ മറികടന്നു വലയിലാക്കുകയും ചെയ്തു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഇരട്ട ഗോളുകൾ നേടി മെസ്സി ബാഴ്സലോണയുടെ ലീഡ് മൂന്നാക്കി. 35 ആം മിനുട്ടിൽ ഒറ്റക്ക് പന്തുമായി മുന്നേറിയ ഗ്രീസ്മാൻ നൽകിയ പാസിൽ നിന്നും 18 വാര അകലെ നിന്നും മെസ്സിയുടെ ഷോട്ട് ഗ്രെനാഡ വലയിലേക്ക് പറന്നിറങ്ങി. 42 ആം മിനുട്ടിൽ പെഡ്രിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഷോട്ടിലൂടെ പോസ്റ്റിന്റെ താഴത്തെ മൂലയിലേക്ക് അടിച്ചു കയറ്റി.
തുടർന്ന് രണ്ടാം പകുതിയിൽ ഗ്രീസ്മാന്റെ തന്റെ രണ്ടാമത്തെ ഗോളും നേടി ബാഴ്സലോണയുടെ ലീഡ് നാലാക്കി ഉയർത്തുകയായിരുന്നു.വലതു വിങ്ങിൽ നിന്നും ഫ്രഞ്ച് താരം ദെംബെലെ കൊടുത്ത പാസ് സ്വീകരിച്ച ഗ്രീസ്മാൻ ഒരു ടൈറ്റ് ആംഗിൾ ഫിനിഷിലൂടെ ഗ്രെനാഡ വല ചലിപ്പിച്ചു.മത്സരം അവസാനിക്കാൻ 12 മിനിറ്റ് ബാക്കി നിൽക്കെ ഗ്രനാഡ താരം ജെസുസ് വയ്യേഹോ ചുവപ്പ്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ഗ്രനാഡ മത്സരം പൂർത്തിയാക്കിയത്. ജയത്തോടെ ലീഗ് ലീഡേഴ്സ് അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറച്ചു. ഇന്നലത്തെ മത്സരത്തിൽ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളോടെ
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ക്ലബ് കരിയറിൽ (47) നേടിയതിനേക്കാൾ കൂടുതൽ ഫ്രീ കിക്കുകൾ മെസ്സിക്ക് ബാഴ്സലോണയ്ക്ക് (48) വേണ്ടി നേടാൻ സാധിച്ചു.

ലീഗിലെ മറ്റൊരു മത്സരത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡിനെ ഒസാസുന സമനിലയിൽ തളച്ചു . കനത്ത മഞ്ഞു വീഴ്ചമൂലം പ്രതികൂല സാഹചര്യത്തിലാണ് മത്സരം നടന്നത്. വിരസമായ മത്സരത്തിൽ ആദ്യ പകുതിൽ ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് അടിക്കാൻ റയലിന് സാധിച്ചില്ല . 18 കളികളിൽ നിന്നും 37 പോയിന്റുള്ള റയലിന് ഇന്നലെ വിജയിച്ചിരുന്നെങ്കിൽ താത്കാലികയി അത്ലറ്റികോ മാഡ്രിഡിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടാമായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം ഇന്നലെ നടക്കേണ്ട അറ്റ്ലെറ്റിക്കോ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോ മത്സരം മാറ്റിവെച്ചു.
