❝ ബാഴ്‌സയിൽ ചെലവഴിക്കുന്ന ഒരു മിനിറ്റിന് മെസി വാങ്ങുന്ന പ്രതിഫലം എത്ര? ❞

സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയുമായുള്ള സൂപ്പർ താരം ലയണൽ മെസിയുടെ കരാർ വിവരങ്ങൾ സ്പാനിഷ് മാധ്യമം പുറത്തു വിട്ടതോടെ കണ്ണ് തള്ളി ഇരിക്കുകയാണ് ഫുട്ബാൾ ആരാധകർ. എന്നാൽ കരാർ പുറത്തു വിട്ടതിനെതിരെ ക്ലബ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് . കരാർ വിവരങ്ങൾ പുറത്തുവിട്ടത് ശരിയായില്ലെന്നാണ് ബാഴ്‌സയുടെ വാദം. സ്‌പാനിഷ് മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. വാർത്ത പ്രസിദ്ധീകരിച്ചത് ആരായാലും അവരുടെ ഉദ്ദേശശുദ്ധി ശരിയല്ലെന്നാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൊമാൻ പറയുന്നത്.

2017 ൽ ബാഴ്‌സയുമായി മെസി ഒപ്പിട്ട കരാർ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് വർഷത്തേക്ക് 555 മില്യൺ യൂറോയാണ് മെസി പ്രതിഫലം വാങ്ങുന്നത്. അതായത് ഓരോ സീസണിലും 139 മില്യൺ യൂറോയാണ് കരാർ. നാല് വർഷത്തേക്കുള്ള 555 മില്യൺ യൂറോ പ്രതിഫലത്തിൽ 510 മില്യൺ യൂറോ താരം ഇതിനോടകം കെെപറ്റി കഴിഞ്ഞു. വൻ പ്രതിഫലമാണ് മെസി ബാഴ്‌സയിൽ നിന്നു വാങ്ങുന്നതെങ്കിലും ഇതിൽ പകുതി തുക സ്‌പെയിനിൽ നികുതിയായി മെസിക്ക് അടയ്‌ക്കേണ്ടിവരുന്നു. സ്‌പാനിഷ് മാധ്യമമായ ‘എൽ മുൻഡോ’ ആണ് മെസിയുടെ കരാർ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഒരു അത്‌ലറ്റിന് ലഭിച്ചതിൽവച്ച് ഏറ്റവും ഉയർന്ന കരാർ തുകയാണിതെന്ന് ‘എൽ മുൻഡോ’ റിപ്പോർട്ട് ചെയ്യുന്നു.

നാലു വർഷത്തെ കരാർ വിശകലനം ചെയ്യുമ്പോൾ ബാഴ്‌സയിൽ ചെലവഴിക്കാൻ ഒരു ദിവസത്തേക്ക് 3,81,000 യൂറോയാണ് മെസി വാങ്ങുന്നത്. ഒരു മണിക്കൂറത്തേക്ക് 15,875 യൂറോ. അതായത് ഒരു മണിക്കൂറത്തേക്ക് മെസിയുടെ പ്രതിഫലം ഏകദേശം 14 ലക്ഷം രൂപയാണ്. വെറും ഒരു മിനിറ്റിന് കാൽ ലക്ഷത്തോളം രൂപയാണ് ബാഴ്‌സ മെസിക്ക് നൽകുന്നത്. 2017 ലെ കരാർ അടിസ്ഥാനത്തിലാണ് ഇത്. ഒരോ സെക്കൻഡിനും 354 രൂപ എന്ന നിലയിലാണ് മെസി കെെപറ്റുന്നത്.


എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ഉലയുന്ന ബാഴ്സലോണ ഇത്രയും വലിയ കരാർ മെസ്സിയുമായി പുതുക്കുമോ എന്ന കാര്യം സംശയത്തിലാണ്. പല ബാഴ്സ താരങ്ങൾക്കും വേതനം ലഭിച്ചില്ലെന്ന റിപ്പോർട്ടുകളും, കഴിഞ്ഞ സീസണുകളിൽ താരങ്ങളെ സ്വന്തമാക്കിയതിൽ വൻ തുകകളാണ് ഒരു ക്ലബ്ബിനും ബാഴ്സ നൽകാനുള്ളത്. അടുത്ത സീസണിൽ മെസ്സിയെ ഒഴിവാക്കി വൻ തുക സമാഹരിക്കാൻ ബാഴ്സ ശ്രമിക്കുന്നതായും റിപോർട്ടുകൾ പുറത്തു വന്നു.

ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഏപ്രിലിൽ നടക്കുന്ന എൽ ക്ലാസിക്കോക്കായി പുതിയ ജേഴ്സി കഴിഞ്ഞ ദിവസം പുറത്തിയിരിക്കുന്നു. ജേഴ്സി വിൽപ്പനയിലൂടെ കൂടുതൽ ഫണ്ട് ശേഖരിക്കാം എന്നാണ് ബാഴ്സ മാനേജ്‌മന്റ് കണക്കാക്കുന്നത്.കാണികളില്ലാതെ മത്സരങ്ങൾ നടക്കേണ്ടി വന്നതോടെ ബാഴ്സയുടെ പ്രധാന വരുമാന മാർഗമായ ടിക്കറ്റ് വില്പന ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂല കാരണം.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications