❝പോർച്ചുഗലിൽ പോർട്ടോയുടെയും ബെൻഫിക്കയുടെയും കുത്തക അവസാനിപ്പിച്ച് സ്പോർട്ടിങ് ലിസ്ബൺ❞

19 വർഷത്തെ ഇടവേളക്ക് ശേഷം പോർച്ചുഗലിൽ ലീഗ് കിരീടം സ്വന്തമാക്കി സ്പോർട്ടിങ് ലിസ്ബൺ. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബോവിസ്റ്റയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പോർട്ടിങ് ലിസ്ബൺ കിരീടം ഉറപ്പിച്ചത്. സ്‌ട്രൈക്കർ പൗളിനോയാണ് മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബന്റെ ഏക ഗോൾ നേടിയത്. ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 32 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് നേടിയ സ്പോർട്ടിങ് ലിസ്ബൺ കിരീടം സ്വന്തമാക്കിയത്.

18 ടീമുകൾ പങ്കെടുക്കുന്ന ലീ​ഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് സ്പോർട്ടിങ് കിരീടമുറപ്പിച്ചത്. 32 മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്പോർട്ടിങ് തോൽവി അറിഞ്ഞിട്ടില്ല. 25 മത്സരങ്ങളിൽ വിജയിച്ച അവർ ഏഴെണ്ണത്തിൽ സമനില വഴങ്ങി. ലീ​ഗിലെ ആറാം മത്സരദിനം മുതൽ ഒന്നാം സ്ഥാനം നിലനിർത്തിയാണ് സ്പോർട്ടിങ്ങിന്റെ കുതിപ്പ്. നിലവിൽ 82 പോയിന്റാണവർക്കുള്ളത്. ഇപ്പോൾ രണ്ടാമതുള്ള പോർട്ടോയ്ക്കും ബെൻഫിക്കയ്ക്കും 74,70 പോയിന്റുകൾ വീതമാണുള്ളത്.


2001-02 സീസണിലാണ് ഇതിനുമുമ്പ് സ്പോർട്ടിങ് ലീ​ഗ് ജേതാക്കളാക്കുന്നത്. ഇതിനുശേഷം പോർട്ടോ 11 തവണയും ബെൻഫിക്ക ഏഴ് തവണയും ലീ​ഗ് കിരീടം ചൂടി. ഈ കുതിപ്പിന് തടയിട്ടാണിപ്പോൾ സ്പോർട്ടിങ്ങിന്റെ കിരീടനേട്ടം. സ്പോർട്ടിങ്ങിന്റെ 19-ാം ലീ​ഗ് കിരീ‌ടമാണിത്.രണ്ടാം സ്ഥാനത്തുള്ള പോർട്ടോയെക്കാൾ 8 പോയിന്റിന്റെ ലീഡ് സ്പോർട്ടിങ് ലിസ്ബൺ നേടിയതോടെയാണ് അവർ കിരീടം ഉറപ്പിച്ചത്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും സ്പോർട്ടിങ് ലിസ്ബൺ പരാജയപ്പെടുകയും ചെയ്തിട്ടില്ല. പോർട്ടോയുടെയും ബെനെഫിക്കയുടെയും 19 വർഷത്തെ ആധിപത്യമാണ് ഇതോടെ സ്പോർട്ടിങ് ലിസ്ബൺ അവസാനിപ്പിച്ചത്.

.അതിനിടെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കം കുറിച്ച സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് ചേക്കേറുമെന്നും കരിയര്‍ അവിടെ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും താരം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുണ്ട്. യുവന്റസ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ താരം ബോയ്‌ഹുഡ് ക്ലബ്ബിലേക്ക് തിരിച്ചു വരാനുളള സാധ്യത തള്ളിക്കളയാനാവില്ല.