❝ബാഴ്‌സലോണയിൽ തുടരുക അല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുക: ഫ്രെങ്കി ഡി ജോംഗ് എന്ത് തീരുമാനം എടുക്കും ?❞| Frenkie De Jong 

ഫ്രെങ്കി ഡി ജോങ് ബാഴ്‌സലോണയിൽ തുടരുമോ അതോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമോ എന്നത് ഇപ്പോഴും ചർച്ചയിലാണ്. ഡച്ച് മിഡ്ഫീൽഡറുടെ ഭാവി ഫുട്ബോൾ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് ഡി ജോംഗിനെ തന്റെ പ്രധാന ലക്ഷ്യമായാണ് കണക്കാക്കുന്നത്.ഏകദേശം 85 മില്യൺ യൂറോയാണ് താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് മുടക്കേണ്ടി വരിക.വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ ബാഴ്സലോണയും ഇംഗ്ലീഷ് ടീമും വാക്കാലുള്ള ഒരു കരാറിലേർപ്പെട്ടിട്ടുണ്ട്. താരത്തിന്റെ വിടവാങ്ങൽ കറ്റാലൻ ക്ലബിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ എത്ര ശ്രമിച്ചിട്ടും യുണൈറ്റഡിന് ഡച്ച് മിഡ്ഫീൽഡറെ സൈൻ ചെയ്യുന്നതിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല.ഡി ജോംഗ് ക്ലബ് വിടാൻ തയ്യാറാവുകയോ ,അല്ലെങ്കിൽ ശമ്പളം വെട്ടി കുറയ്ക്കുകയോ ചെയ്താൽ മാത്രമാണ് കറ്റാലൻ ക്ലബ്ബിന് റോബർട്ട് ലെവൻഡോവ്സ്കിയെയോ റാഫിൻഹയെയോ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്.

ഡി ജോങ് ബാഴ്സയിൽ തുടരണം എന്ന് ആവശ്യപെട്ടു കൊണ്ടിരിക്കുകയാണ്.ഈ സമ്മറിൽ താൻ റെഡ് ഡെവിൾസിനൊപ്പം ചേരില്ലെന്ന് ഫ്രെങ്കി ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും നിലവിലെ ബാഴ്‌സലോണ ടീമംഗങ്ങളെയും അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.ബാഴ്‌സ ലോക്കർ റൂമിനുള്ളിൽ വാർത്ത പ്രചരിപ്പിച്ചതിന് പുറമേ 25 കാരൻ ഓൾഡ് ട്രാഫോർഡ് കോച്ചിംഗ് സ്റ്റാഫിനോടും കളിക്കാരോടും തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പറഞ്ഞതായി സ്പാനിഷ് പ്രസിദ്ധീകരണമായ കാഡെന എസ്ഇആർ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ക്ലബ് ആറാം സ്ഥാനത്തെത്തിയതും യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ടതും പരിഗണിക്കുമ്പോൾ നെതർലൻഡ്‌സ് ഇന്റർനാഷണലിന് ഇംഗ്ലണ്ടിലേക്ക് മാറാൻ വലിയ താൽപ്പര്യമില്ല. ചാമ്പ്യൻസ് ലീ കളിക്കാത്തത്കൊണ്ട് ഓൾഡ് ട്രാഫോർഡിൽ ഭാവിയൊന്നും കാണാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യവുമായി വളരെ സാമ്യമുണ്ട്.