❝ 💙റയൽ മാഡ്രിഡും ❤️💙ബാഴ്സയും,
ചാമ്പ്യൻസ് ലീഗ്🏆⚽ കളിക്കുന്നില്ല
എന്നത് 🚫 വലിയ പ്രശ്നമൊന്നുമില്ല ❞

ക്ലബ് ഫുട്ബോളിൽ വലിയ ചലനമുണ്ടാക്കിയാണ് 12 വമ്പൻ ടീമുകൾ യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗിന് പകരം കൂടുതൽ സാമ്പത്തിക ലാഭമായിരുന്നു സൂപ്പർ ലീഗ് പ്രഖ്യാപനത്തിന് പിന്നിൽ. എന്നാല്‍ യുവേഫയും ആരാധകരും ഫുട്‌ബോള്‍ വിദഗ്ധരുംമറ്റ് ക്ലബുകളും താരങ്ങളുമൊക്കെ ഇത്തരമൊരു നീക്കത്തിന് എതിരായതോടെ ശ്രമം തുടക്കത്തില്‍ തന്നെ പാളി.ഇംഗ്ലണ്ടില്‍ നിന്ന് ആറ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതം ടീമുകള്‍ എന്നിവയായിരുന്നു പദ്ധതിക്ക് പിന്നില്‍. ഇംഗ്ലണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം ഹോട്‌സ്പര്‍, ആഴ്‌സണല്‍ ടീമുകളും സ്‌പെയിനില്‍ നിന്ന് റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇറ്റലിയില്‍ നിന്ന് യുവന്റസ്, ഇന്റര്‍ മിലാന്‍, എസി മിലാന്‍ ടീമുകളായിരുന്നു യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് പിന്നില്‍ അണിനിരന്നത്. എന്നാല്‍ ഫുട്‌ബോള്‍ ലോകം മുഴുവന്‍ എതിരായതോടെ റയല്‍, ബാഴ്‌സലോണ, യുവന്റസ് ഒഴികെയുള്ള ക്ലബുകള്‍ പിന്‍മാറി. ഈ മൂന്ന് വമ്പന്‍മാര്‍ ഇപ്പോഴും ടൂര്‍ണമെന്റ് നടത്തണമെന്ന ആവശ്യവുമായി നില്‍ക്കുന്നു.

ഇതോടെ യുവേഫയുടെ അച്ചടക്ക സമിതി ഇവർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് . തങ്ങള്‍ യുവേഫയുമായി ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന് മൂന്ന് ക്ലബുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് യുവേഫ തയ്യാറാകുമോ എന്ന കാര്യം സംശയത്തിലാണ്. പിന്‍മാറുന്നതൊഴിച്ച് മറ്റൊന്നും ചര്‍ച്ചയ്ക്ക് വയ്ക്കില്ലെന്ന നിലപാടിലാണ് യുവേഫ നില്‍ക്കുന്നത്. ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനാണ് ഈ മൂന്ന് ക്ലബുകളുടേയും തീരുമാനം എങ്കില്‍ രണ്ട് വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് വിലക്കടക്കം കോടികളുടെ ഫൈനുമടക്കം കടുത്ത അച്ചടക്ക നടപടികള്‍ വമ്പന്‍മാര്‍ നേരിടേണ്ടി വരും.

ഇപ്പോള്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി വന്നിരിക്കുകയാണ് ലാ ലിഗ അധികൃതര്‍. ലാ ലിഗയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി നിര്‍ത്തുന്ന സുപ്രധാന ക്ലബുകളാണ് റയലും ബാഴ്‌സയും. എന്നാല്‍ യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുകയാണെങ്കില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ഈ വമ്പന്‍ ക്ലബുകള്‍ക്ക് ലഭിക്കുകയില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് വ്യക്തമാക്കി. ലാ ലിഗ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. യുവേഫ വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതിന്റെ അനന്തര ഫലങ്ങള്‍ സ്വയം ഏറ്റെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഫെഡറേഷന്‍ ക്ലബുകള്‍ക്ക് നല്‍കുന്നു.


ഇക്കാര്യത്തില്‍ ദേശീയതയുടെ ഒരു പ്രശ്‌നം ഉദിക്കുന്നില്ല. എന്താണോ സംഭവിക്കുന്നത് അതിന്റെ ഭവിഷ്യത്ത് സ്വയം അനുഭവിക്കുക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. യുവേഫ എടുക്കുന്ന തീരുമാനങ്ങളെ എതിര്‍ത്ത് നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ തത്കാലം ഒരു പദ്ധതിയും ലാ ലിഗ ഫെഡറേഷന് ഇല്ലെന്ന് പ്രസിഡന്റ് ജാവിയര്‍ ടെബസ് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏതാണ്ട് അഞ്ച് സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചിട്ടില്ല . എസി മിലാന്‍ കുറച്ച് കാലമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാറില്ല. അതുകൊണ്ടൊന്നും ചാമ്പ്യന്‍സ് ലീഗിന് ഒന്നും സംഭവിച്ചിട്ടില്ല. അതുപോലെ തന്നെയാണ് റയലും ബാഴ്‌സയും. അവര്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചില്ല എന്നതുകൊണ്ട് ആ ടൂര്‍ണമെന്റിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

റയൽ മാഡ്രിഡിനെയും ബാഴ്‌സലോണയേയും വിലക്കിയാൽ റയൽ സോസിഡാഡും റയൽ ബെറ്റിസും പകരം ചാമ്പ്യൻസ് ലീഗിലെത്തും. സെൽറ്റാ വിഗോയ്‌ക്ക് യൂറോപ്പ ലീഗിലേക്കും ഗ്രനാഡയ്‌ക്ക് കോൺഫറൻസ് ലീഗിലേക്കും സ്ഥാനക്കയറ്റം കിട്ടും.യുവന്റസിന് അയോഗ്യത കൽപ്പിച്ചാൽ സെരി എയിൽ അഞ്ചാം സ്ഥാനക്കാരായ നാപ്പോളിക്കായിരിക്കും ഗുണം ചെയ്യുക. നാപ്പോളി ചാമ്പ്യൻസ് ലീഗിൽ കളിക്കുമ്പോൾ റോമ യൂറോപ്പ ലീഗിലേക്കും സൗസോളോ കോൺഫറൻസ് ലീഗിലേക്കും യോഗ്യത നേടും. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ടൂര്‍ണമെന്‍റിലുണ്ടാവില്ല.