പുതിയ സീസണില്‍ റെയ്‌ന ചെന്നൈയ്‌ക്കൊപ്പം കളിക്കുമോ? നിര്‍ണായക വെളിപ്പെടുത്തലുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം സുരേഷ് റെയ്‌ന കളിക്കുമോ? കഴിഞ്ഞ ഐപിഎല്ലിനിടെ ചെന്നൈ ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയ റെയ്‌ന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സ്വകാര്യ കാരണങ്ങള്‍ പറഞ്ഞാണ് റെയ്‌ന സീസണ്‍ തുടങ്ങും മുന്‍പ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. എന്നാല്‍ ദുബായില്‍ അനുവദിച്ച ഹോട്ടല്‍ മുറിയുമായി ബന്ധപ്പെട്ട് സിഎസ്‌കെ മാനേജ്‌മെന്റുമായി താരം ഉടക്കിയെന്നും തുടര്‍ന്നായിരുന്നു മടങ്ങിപ്പോക്കെന്നും അഭ്യൂഹങ്ങളുണ്ട്.

റെയ്‌നയുടെ അഭാവത്തില്‍ യുഎഇ എഡിഷന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയില്‍ റെയ്‌നയ്‌ക്കൊത്ത പകരക്കാരനെ കണ്ടെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചുമില്ല. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം റെയ്‌ന തുടരില്ലെന്ന സൂചനയാണ് ആദ്യം ലഭിച്ചത്. എന്നാല്‍ മുംബൈ മിറര്‍ റിപ്പോര്‍ട്ടു പ്രകാരം റെയ്‌നയെ തിരിച്ചെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോള്‍ താത്പര്യമുണ്ട്. 2021 ഐപിഎല്‍ സീസണില്‍ സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കുമെന്ന് സിഎസ്‌കെ വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അദ്ദേഹം ഞങ്ങള്‍ക്കൊപ്പമായിരിക്കും. റെയ്‌നയുമായി വേര്‍പിരിയാനുള്ള ആലോചനയൊന്നും ഞങ്ങള്‍ക്കില്ല’, സിഎസ്‌കെ വൃത്തം മുംബൈ മിററിനെ അറിയിച്ചു.

ഇതേസമയം, റെയ്‌നയുടെ തിരിച്ചുവരവ് സംബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പുതിയ സീസണില്‍ റെയ്‌ന തിരിച്ചുവരികയാണെങ്കില്‍ത്തന്നെ സിഎസ്‌കെയുമായി പുതിയ കരാര്‍ ഒപ്പിടേണ്ടതായി വരും. കാരണം റെയ്‌നയുമായുള്ള ചെന്നൈയുടെ കരാര്‍ 2020 ഒക്ടോബറില്‍ അവസാനിച്ചിരുന്നു. നിലവില്‍ ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് ഇദ്ദേഹം. 4,527 റണ്‍സ് ചെന്നൈയ്ക്കായി മാത്രം ഇദ്ദേഹം നേടിയിട്ടുണ്ട്. മൊത്തം റണ്‍സെടുത്താലും വിരാട് കോലിക്ക് പിറകില്‍ രണ്ടാമത്തെ പ്രധാന റണ്‍വേട്ടക്കാരനാണ് സുരേഷ് റെയ്‌ന. 192 മത്സരങ്ങളില്‍ നിന്നും 5,878 റണ്‍സുണ്ട് കോലിക്ക്. റെയ്‌നയ്ക്ക് 193 മത്സരങ്ങളില്‍ നിന്ന് 5,368 റണ്‍സും.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications