“ഒന്നാം ഐ എപി എൽ സീസണിൽ ഉദിച്ച താരം , ഇന്ന് എവിടെയെന്ന് അറിയാതെ ക്രിക്കറ്റ്‌ ലോകം”

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ആവേശപൂർവ്വം പുരോഗമിക്കുകയാണ് ഇപ്പോൾ.ഐ‌പി‌എല്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ്, അതുകൊണ്ട് തന്നെ, ഐപിഎൽ ‘ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള ടാലെന്റ് ഹണ്ട്’ ടൂർണമെന്റായി പരക്കെ അറിയപ്പെടുന്നു. അങ്ങനെ ഓരോ സീസണിലും ചുരുങ്ങിയത് ഓരോ താരങ്ങളെങ്കിലും ഉയർന്നു വന്നിട്ടുണ്ട്. ഉദ്ഘാടന സീസണിൽ, അതായത് 2008-ൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അത്തരം ഒരു കളിക്കാരൻ ഗോവയുടെ സ്വപ്നിൽ അസ്നോദ്കർ ആയിരുന്നു.

ഓസീസ് ഇതിഹാസം ഷെയ്ൻ വോണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്, ഉദ്ഘാടന പതിപ്പിൽ അവസാന സ്ഥാനത്തെത്തുമെന്നും, ഒരു ടി20 ടീം എങ്ങനെ കളിക്കരുത് എന്നതിന്റെ ഉദാഹരണമായും തുടക്കത്തിൽ പലരും കണക്കാക്കിയിരുന്നു. കാരണം, വോണിന്റെ ടീമിൽ വലിയ പേരുകളുടെ എണ്ണം കുറവായിരുന്നു. തുടർന്ന്, വോൺ അസ്‌നോദ്‌കർ എന്ന യുവ ഗോവൻ താരത്തിൽ വിശ്വാസം അർപ്പിക്കുകയും, അവനെ ലൈനപ്പിലേക്ക് ഇറക്കിവിടുകയും ചെയ്തു. ഗോവൻ താരം ഈ അവസരം ഇരു കൈകളും നീട്ടി സ്വീകരിക്കുകയും, അവസരം മുതലെടുക്കുകയും ചെയ്തു. അങ്ങനെ പ്രഥമ സീസണിൽ റോയൽസ് കിരീടം നേടി, സ്വപ്‌നിൽ അസ്‌നോദ്‌കർ ടീമിന്റെ മികച്ച കളിക്കാരനായി മാറുകയും ചെയ്തു.

2008 ഐപിഎല്ലിന്റെ ഐതിഹാസിക ചിത്രങ്ങളിലൊന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗ്രെയിം സ്മിത്തിനൊപ്പം അസ്നോദ്കർ ഓപ്പണിംഗ് ഇറങ്ങുന്നതായിരുന്നു. ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ടുകൾ 2008 ഐപിഎൽ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഗോവയിൽ നിന്നുള്ള യുവ ഇന്ത്യൻ ഓപ്പണർ, 2008 ഐപിഎൽ സീസണിൽ 9 ഇന്നിംഗ്‌സുകളിൽ നിന്ന് 34.55 ശരാശരിയിൽ 133.47 സ്‌ട്രൈക്ക് റേറ്റിൽ 311 റൺസ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ 59.18 ശരാശരിയിൽ സ്മിത്ത് – അസ്നോദ്കർ കൂട്ടുകെട്ടിൽ 418 റൺസ് പിറന്നപ്പോൾ, ഈ കൂട്ടുകെട്ട് ടൂർണമെന്റിൽ തികച്ചും വിസ്മയം സൃഷ്ടിച്ചു.

ഐ‌പി‌എല്ലിന് മുമ്പ് അസ്‌നോദ്‌കർ ഒരു ആഭ്യന്തര കളിക്കാരനായിരുന്നു, എന്നാൽ ഐ‌പി‌എൽ അദ്ദേഹത്തിന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു, അസ്‌നോദ്കർ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി കണക്കാക്കപ്പെട്ടു. എന്നാൽ, ആദ്യ സീസണിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ശേഷം, ഐ‌പി‌എല്ലിന്റെ രണ്ടാം സീസണ് ദക്ഷിണാഫ്രിക്ക വേദിയായപ്പോൾ, ആ സാഹചര്യങ്ങളിൽ അസ്‌നോദ്കർ പരാജയപ്പെട്ടു. അപ്പോഴേക്കും, ആളുകൾ ഗോവ കളിക്കാരനിൽ പിഴവുകൾ കണ്ടെത്താൻ തുടങ്ങിയിരുന്നു. പിന്നെ പിന്നെ അസ്നോദ്കർ പതിയെ അപ്രസക്തനായി. 2011 സീസണിലാണ് അസ്‌നോദ്കർ അവസാനമായി ഐപിഎല്ലിൽ കളിച്ചത്. അങ്ങനെ ആ ഉദയ സൂര്യൻ അതിവേഗം അസ്തമിച്ചു.