40-കാരനായ ടീം ഉടമ കളിക്കാനിറങ്ങി; പിന്നാലെ വിലക്കും പിഴയും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണിന് ശനിയാഴ്ച തുടക്കമാകുകയാണല്ലോ. ലീഗിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയായ ഷാരൂഖ് ഖാൻ അതേ ടീമിനു വേണ്ടി കളിക്കാനിറങ്ങുന്നത് ആലോചിച്ചുനോക്കൂ. രസകരമായ ഒരു ചിന്ത, അല്ലേ? എങ്കിൽ അങ്ങനെയൊന്ന് ശരിക്കും സംഭവിച്ചു. അതും ക്രിക്കറ്റിലെ വളർന്നുവരുന്ന ശക്തിയായ അഫ്ഗാനിസ്ഥാനിൽ. അവിടുത്തെ ആഭ്യന്തര ട്വന്റി20 ലീഗായ ഷ്പഗീസ ക്രിക്കറ്റ് ലീഗിനിടെയാണ് ഒരു ടീമിന്റെ ഉടമ അരങ്ങേറ്റത്തിന് ഇറങ്ങിയത്.

അഫ്ഗാനിസ്താനിലെ ആഭ്യന്തര ട്വന്റി-20 ലീഗായ ഷ്പഗീസ ക്രിക്കറ്റ് ലീഗിനിടെ കളിക്കാനിറങ്ങിയത് താരങ്ങൾ മാത്രമല്ല, ടീം ഉടമ കൂടിയാണ്. തൊട്ടുപിന്നാലെ മോശം പെരുമാറ്റത്തിന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് ഈ ടീം ഉടമയെ വിലക്കുകയും ചെയ്തു. ഷ്പഗീസ ക്രിക്കറ്റ് ലീഗിൽ ഇത്തവണ ജേതാക്കളായ കാബൂൾ ഈഗിൾസ് ഉടമ അബ്ദുൽ ലത്തീഫ് അയൂബിയാണ് ഈ കഥയിലെ നായകൻ.40-കാരനായ അയൂബി സെപ്റ്റംബർ 13-ന് നടന്ന സ്പീൻഗർ ടൈഗേഴ്സുമായുള്ള മത്സരത്തിലാണ് കാബൂൾ ഈഗിൾസിനായി അരങ്ങേറിയത്. മീഡിയം പേസറായി കളിച്ച അയൂബി ഒരൊറ്റ ഓവർ മാത്രമാണ് പന്തെറിഞ്ഞത്. ആ ഓവറിൽ 16 റൺസും വഴങ്ങി.

സ്പീൻഗർ ടൈഗേഴ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കാബൂൾ 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു.എന്നാൽ ഇതിന് പിന്നാലെ നടന്നത് നാടകീയ സംഭവങ്ങളാണ്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് അയൂബിയെ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കി. ഏകദേശം മുപ്പതിനായിരത്തോളം രൂപ പിഴയും ഈടാക്കി.