❝ബാഴ്സലോണ വിടുന്ന മെസ്സിക്ക് വികാരനിർഭരമായ സന്ദേശവുമായി ആന്ദ്രെ ടെർ-സ്റ്റീഗൻ❞

അർജന്റീന സൂപ്പർ താരം നൗ ക്യാമ്പ് വിടുന്നു എന്ന് ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഞെട്ടലോടെയാണ് ആരാധകർ നോക്കി കണ്ടത്. ആരാധകർ എന്നല്ല ബാഴ്‌സലോണയിലെ സഹ താരങ്ങളും ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. വർഷങ്ങളോളം ഒരുമിച്ച് കളിച്ച പല താരങ്ങൾക്കും മെസ്സി ബാഴ്സ വിടുന്നത് വിശ്വസിക്കാവുന്ന ഒന്നായിരുന്നില്ല. കഴിഞ്ഞ ഒരു ദശകമായി മെസ്സി എന്ന പടു വൃക്ഷത്തിന്റെ തണലിൽ ആയിരുന്നു ബാഴ്സലോണയും താരങ്ങളും.ഈ കാലഘട്ടത്തിൽ മെസ്സിയുടെ നേതൃത്വത്തിൽ നേടാവുന്നതെല്ലാം അവർ നേടുകയും ചെയ്തു.

ഇപ്പോഴിതാ വര്ഷങ്ങളായി മെസ്സിയുടെ സഹ താരമായിരുന്ന ജർമൻ ഗോൾ കീപ്പർ ടെർ സ്റ്റീഗൻ മെസ്സിയുമായുള്ള നല്ല ഓർമ്മകൾ പങ്കു വെക്കുകയാണ്.”ലിയോ, ഈ വർഷങ്ങളിലെല്ലാം നിങ്ങളോടൊപ്പം കളിച്ചതിൽ സന്തോഷമുണ്ട്, കിരീടങ്ങളും മറ്റുമായി ഒരുപാട് സന്തോഷങ്ങളും വിലപ്പെട്ട നിമിഷങ്ങളും ഇക്കാലയളവിലുണ്ടായി. എല്ലാ സമയത്തും ഒരേ അഭിപ്രായം പങ്കുവെക്കുന്നില്ലെങ്കിലും, എല്ലായ്പ്പോഴും ഒരേ ദിശയിലേക്കു മുന്നേറി ജയത്തിനും തോൽവിക്കുമപ്പുറമുള്ള വ്യക്തികളായി നമ്മൾ വളർന്നു. നന്ദി!”.

“നിങ്ങളുടെ ജീവിതമായിരുന്ന ക്ലബ്ബിൽ ചരിത്രം സൃഷ്ടിച്ച് ഒരു യഥാർത്ഥ ഫുട്ബോൾ ഇതിഹാസമായി നിങ്ങൾ പുറത്തുവരും, അതൊരു ഫുട്ബോൾ കളിക്കാരനും ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമാണ് – നിങ്ങൾ ഫുട്ബോളിനെ മാറ്റി മറിച്ചു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മുന്നോട്ടുള്ള യാത്രയിൽ ആശംസകൾ”. വികാരഭരിതമായ സന്ദേശത്തിൽ ജർമൻ ഗോൾ കീപ്പർ പറഞ്ഞു. ലയണൽ മെസ്സിയും മാർക്ക് ആന്ദ്രെ ടെർ-സ്റ്റീഗനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായി എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു.ഫിഫയുടെ മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡിൽ കെയ്‌ലർ നവാസ്, മാനുവൽ ന്യൂയർ, ജാൻ ഒബ്ലക് എന്നിവർക്കാണ് മെസ്സി വോട്ട് ചെയ്തിരുന്നു. ഇതിൽ ജർമൻ കീപ്പർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുൻ ബാഴ്സ താരം ഇവാൻ റാക്കിറ്റിച്ച്. കൂട്ടിൻഹോ,അൻസു ഫാത്തി, ബുസ്കെറ്റ്, തുടങ്ങിയ താരങ്ങൾ മെസ്സിക്ക് വികാര നിർഭരമായ സന്ദേശത്തോടെ യാത്രയപ്പ് നൽകി. മെസ്സി ബാഴ്സ വിടുന്നത് സങ്കൽപ്പിക്കാൻ പോലും ആവുന്നില്ലെന്ന് പല താരങ്ങലും അഭിപ്രയപെടുകയും ചെയ്തു. മെസിയല്ലാതെ ആരും ബാഴ്സയുടെ നമ്പർ 10 ജേഴ്സിക്ക് അവകാശി ആവില്ലെന്നും പല താരങ്ങളും പറഞ്ഞു.