സഞ്ജു ചേട്ടന് നന്ദി! മലയാളി ഓൾറൗണ്ടർ അബ്ദുൽ ബാസിത് സന്തോഷം പങ്കിടുന്നു

കൊച്ചിയിൽ നടന്ന ഐപിഎൽ മിനി താരലേലത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് രണ്ട് മലയാളി താരങ്ങളെ ആണ് സ്വന്തമാക്കിയത്. ഫാസ്റ്റ് ബൗളർ കെഎം ആസിഫ്, ഓൾറൗണ്ടർ അബ്ദുൽ ബാസിത് എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്ന ആസിഫിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കും അബ്ദുൽ ബാസിത്തിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കുമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

ഇത് ആദ്യമായിയാണ് ഓൾറൗണ്ടർ അബ്ദുൽ ബാസിത്തിന് ഐപിഎൽ കോൺട്രാക്ട് ലഭിക്കുന്നത്. സെയ്ദ് മുസ്താഖ് അലി ടൂർണമെന്റ് ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകളിൽ കേരള ടീമിന് വേണ്ടി മികവ് കാട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് ബാസിത്തിനെ രാജസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് താരലേലത്തിൽ സ്വന്തമാക്കിയതിന് പിന്നാലെ, രാജസ്ഥാൻ റോയൽസിന്റെയും കേരള ക്രിക്കറ്റ്‌ ടീമിന്റെയും ക്യാപ്റ്റനായ സഞ്ജു സാംസണ് നന്ദി പറഞ്ഞിരിക്കുകയാണ് അബ്ദുൽ ബാസിത്.

“രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിന് ശേഷം സഞ്ജു ചേട്ടൻ എന്നെ വിളിച്ചിരുന്നു. ‘വെൽക്കം ടു അവർ ഫാമിലി’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” ബാസിത് പറയുന്നു. തന്നെ രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിന് കൊണ്ടുപോയത് സഞ്ജു സാംസൺ ആയിരുന്നു എന്നും ബാസിത് പറഞ്ഞു. “സഞ്ജു ചേട്ടൻ ആണ് എന്നെ റോയൽസിന്റെ ട്രയൽസിന് കൊണ്ടുപോയത്. സൈദ് മുസ്താഖ് അലി ട്രോഫിക്ക് ശേഷം ഞാനുൾപ്പടെ ആറോളം പേരെ സഞ്ജു ചേട്ടൻ റോയൽസിന്റെ ട്രയൽസിന് കൊണ്ടുപോയി. എല്ലാവരും നല്ല രീതിയിൽ ചെയ്യുകയും ചെയ്തു,” അബ്ദുൽ ബാസിത് പറഞ്ഞു.

രാജസ്ഥാൻ റോയൽസിൽ കളിക്കാൻ അവസരം ലഭിക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷയും ബാസിത് പങ്കുവെച്ചു. “കളിക്കാൻ അവസരം ലഭിച്ചാൽ, എന്റെ മികച്ചത് കൊടുക്കാൻ ഞാൻ ശ്രമിക്കും. ടീമിലെ ജയത്തിലേക്ക് നയിക്കുക എന്നതിന് തന്നെയായിരിക്കും മുൻഗണന,” അബ്ദുൽ ബാസിത് പറഞ്ഞു. ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ബാസിത്തിനെ സ്വന്തമാക്കിയതിന് പിന്നാലെ, മധുരം പങ്കിട്ടുകൊണ്ട് അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ആഘോഷിച്ചു.

Rate this post