യുണൈറ്റഡിന്റെ തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സോൾഷ്യറിനോട് ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ ഗോളോട് കൂടി എല്ലാ മത്സരങ്ങളിലും റൊണാൾഡോ തന്റെ അഞ്ചാമത്തെ ഗോൾ നേടി. എന്നാൽ യുണൈറ്റഡിന്റെ തന്ത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുവാൻ പരിശീലകനായ ഒലെ ഗണ്ണർ സോൾഷ്യറിനോട് റൊണാൾഡോ ആവശ്യപ്പെട്ടതായുള്ള റിപോർട്ടുകൾ പുറത്തു വന്നു.മാൻ യുണൈറ്റഡിന്റെ കളിശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വന്നാൽ യുണൈറ്റഡിനെ ഉയർന്ന തലത്തിലെത്തിക്കുമെന്നും പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിയുടെ വേഗത അൽപ്പം കൂടി കൂട്ടിയാൽ ഇതിലും മികച്ച റിസൾട്ട് ഉണ്ടാകുമെന്നും മുന്നേറ്റ നിരയിലേക്ക് പന്ത് വേഗത്തിൽ എത്തിയാൽ ടീമിനായി ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് റൊണാൾഡോ പരിശീലകനെ അറിയിച്ചതായാണ് റിപ്പോർട്ട്. ഫൈനൽ ബോൾ കൂടുതൽ വേഗതയോടും കണിശതയോടും സഹ താരങ്ങൾ പന്ത് കൊടുത്താൽ തന്റെ ഗോൾ നേട്ടം വർധിക്കാൻ സാധിക്കുമെന്നും റൊണാൾഡോ സോൾഷ്യറിനോട് പറഞ്ഞു .

റയൽ മാഡ്രിഡിൽ നിന്ന് സെന്റർ ബാക്ക് റാഫേൽ വരാനെ എത്തിയതോടെ ടീമിന്റെ കളിയുടെ സ്പീഡ് വർദ്ധിച്ചതായാണ് യുണൈറ്റഡ് കോച്ചിംഗ് ടീമിന്റെ വിലയിരുത്തൽ. സഹ പ്രതിരോധ താരങ്ങളായ ഹാരി മഗ്വയർ, വിക്റ്റർ ലിൻഡലോഫ്, എറിക് ബെയിലി എന്നിവരേക്കാൾ വേഗത്തിലും കൃത്യതയോടും പന്ത് മുന്നോട്ട് എത്തിക്കാൻ വരാനെയ്ക്ക് സാധിക്കുന്നുണ്ട്. ബോൾ എത്രയും വേഗം റൊണാൾഡോയുടെ കാലുകളിൽ എത്തിക്കാനുള്ള പദ്ധതി ക്ലബിന്റെ പരിശീലന സെഷനുകളിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. യുണൈറ്റഡ് മുന്നേറ്റനിരയെ എതിർ ഗോൾ മുഖത്ത് കൂടുതൽ ആക്രമണകാരികളാക്കാനും എളുപ്പം ഗോൾ സ്‌കോർ ചെയ്യാനും ഇത് സഹായിക്കുമെന്നാണ് പരിശീലകൻ സോൾഷ്യറൂടെയും പ്രതീക്ഷ.

മിഡ്‌ഫീൽഡിൽ ബ്രൂണോ ഫെർണാണ്ടസും പോൾ പോഗ്ബയും കാര്യങ്ങൾ വേഗതയോടെ നിറവേറ്റുന്നുണ്ട്. എന്നാൽ, പ്രതിരോധ താരങ്ങൾ പന്ത് കൂടുതൽ വേഗത്തിൽ ആക്രമണ നിരയ്ക്ക് കൈമാറണമെന്ന അഭിപ്രായമാണ് കോച്ചിങ് സ്റ്റാഫ്‌ മുന്നോട്ട് വയ്ക്കുന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോൾ സ്‌കോറിംഗ് മികവ് കൂടുതൽ പ്രയോജനപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.

Rate this post