ആർ ബി ഫെർഗുസൺ ക്ലബ്ബ് ; ❝ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ് ❞

തൃശ്ശൂരിനടുത്തുള്ള ഒല്ലൂരിൽ 122 വർഷങ്ങൾക്കു മുൻപ് പിറവി കൊണ്ടു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബ് കൂടിയാണിത് ആർ ബി ഫെർഗുസൺ ക്ലബ്ബ്.ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ് കൂടിയാണിത്.ഒല്ലൂരിലെ പ്രസിദ്ധമായ ക്രിസ്ത്യൻ കുടുംബമായിരുന്നു കാട്ടൂക്കാരൻ കുടുംബം. ആ തറവാട്ടിലെ അംഗങ്ങളും ഫുട്ബോൾ പ്രേമികളുമായ കുറച്ചു ചെറുപ്പക്കാർ ചേർന്ന് രൂപം കൊടുത്തതാണ് ആർ ബി ഫെർഗുസൺ ഫുട്ബോൾ ക്ലബ്ബ്. എങ്ങനെയാണ് നൂറ്റി ഇരുപത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് വെറുമൊരു ഗ്രാമമായ ഒല്ലൂരിൽ താമസിച്ചിരുന്നവർ ഒരു വിദേശ കളിയായ ഫുട്ബോളിൽ ആകൃഷ്ടരായത് എന്നത് ഇന്നും ഏവരേയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.


കൊച്ചി രാജാവിൻറെ കരാറുകൾ ഏറ്റെടുത്തു നടത്തുന്നവരായിരുന്നു അന്ന് ഒല്ലൂരിലുണ്ടായിരുന്ന പ്രമാണിമാരിൽ അധികവും. കൊച്ചി രാജാവിൻറെ ദർബാറിൽ ഇവരിൽ പലർക്കും പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഈ പ്രമാണിമാരെല്ലാം താമസിച്ചിരുന്നത് ഒല്ലൂർ വിശുദ്ധ അന്തോണീസ് പള്ളിയുടെ ചുറ്റുമായിരുന്നു. ഈ ദേവാലയത്തിനടുത്തുള്ള കെട്ടിടത്തിലാണ് ആദ്യമായി ക്ലബ്ബിൻറെ ഓഫീസ് തുറന്നത്. 1899 ഫെബ്രുവരി 20 നായിരുന്നു അത്. ഫുട്ബോൾ എന്ന കാൽപ്പന്തുകളി തീർച്ചയായും പാശ്ചാത്യനാടിൻറെ സംഭാവനയാണ്. അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും.

അന്ന് ബ്രിട്ടീഷ് സേനാംഗങ്ങളുടെ ഒഴിവുസമയ വിനോദമായിരുന്നു ഫുട്ബോൾ കളി. വിവിധ സർക്കാർ ഓഫീസുകളിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ വിനോദവും കാൽപ്പന്തുകളിയായിരുന്നു. ഒല്ലൂരിൽ നിന്നുള്ളവർ ഈ കളിയിൽ ആകൃഷ്ടരാകുകയും അതിൻറെ ആവേശത്തിൽ ഒരു ക്ലബ്ബ് രൂപീകരിക്കുകകയും ചെയ്തു. കൊച്ചി പോലീസ് സൂപ്രണ്ടായിരുന്ന ആർ ബി ഫെർഗുസൻറെ പേരിലാണ് ക്ലബ്ബ് നാമകരണം ചെയ്തത്. ഫെർഗുസണുമായി ഒല്ലൂരിൽ നിന്നുള്ളവർക്കുള്ള അടുപ്പമോ, ഫുട്ബോൾ കളിയെ പ്രോത്സാഹിപ്പിക്കാൻ ഫെർഗുസൺ നടത്തിയ പരിശ്രമങ്ങളോ ആവാം ക്ലബ്ബിന് അദ്ദേഹത്തിൻറെ പേർ നൽകാനുണ്ടായ കാരണമെന്ന് കരുതപ്പെടുന്നു.

അന്ന് ഫുട്ബോൾ ‘പരിഷ്ക്കാരികളുടെ കളി’ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. അന്നത്തെ സാമ്പത്തിക , സാംസ്കാരിക ചുറ്റുപാടിൽ ചെലവേറിയ ഫുട്ബോൾ കളിയെക്കുറിച്ച് ജനങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഗോലിയും പമ്പരവും കുട്ടിയും കോലുമായി നടന്നിരുന്ന അന്നത്തെ കുട്ടികൾക്ക് ഫുട്ബോൾ കളി ഹരമായി മാറുകയായിരുന്നു . അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ ഫുട്ബോൾ കളിയ്ക്ക് നാട്ടുകാരിൽ നിന്നും വൻ എതിർപ്പുകൾ നേരിടേണ്ടി വന്നു.ക്ലബിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഫെർഗുസൺ പിന്നീട് യങ് മെൻസ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിൽ അറിയപ്പെട്ടു.

കേരളത്തിലെ ഫുട്ബോൾ കളിയുടെ വളർച്ചയിൽ ഈ ക്ലബ്ബിന് നിർണ്ണായക സ്ഥാനമാണുള്ളത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം വരെ നിലനിന്നിരുന്ന ക്ലബ്ബ് പിന്നീട് വിസ്മൃതിയിലേക്ക് മറഞ്ഞു. എണ്ണം പറഞ്ഞ കളിക്കാരുണ്ടായിരുന്ന ക്ലബ്ബിന് മാറി മാറി വന്ന ഭരണ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല. കളിക്കാർ പ്രായമായി ഫുട്ബാളിൽ നിന്നും വിരമിച്ചതും ക്ലബ്ബ് നിലച്ചുപോകാനുള്ള മറ്റൊരു കാരണമായിരുന്നു.ഫെർഗുസൺ ക്ലബ്ബ് ഭാരവാഹികൾ കൊളുത്തിയ ഫുട്ബാൾ ആവേശത്തിൻറെ ജ്വാല കെട്ടുപോകുകയല്ല, ആളിപ്പടരുന്നതാണ് പിന്നീട് കണ്ടത്.

ഫെർഗുസനു ശേഷം 1947-ൽ അറോറ എന്ന പേരിൽ ഒല്ലൂരിൽ മറ്റൊരു ക്ലബ്ബ് രൂപം കൊണ്ടു. ഫുട്ബോൾ കളി പ്രചരിപ്പിക്കുന്നതിൽ അറോറ പ്രധാന പങ്കുവഹിച്ചു. തെക്കേ ഇന്ത്യയിലെ വിവിധ ടൂർണമെൻറുകളിൽ അറോറ വിജയിക്കുകയും അതിലെ പല കളിക്കാർക്കും സ്റ്റേറ്റ് സെലക്ഷൻ ലഭിക്കുകയും ചെയ്തു. 1940 -കളിൽ ഒല്ലൂർ ഗവ.ഹൈസ്ക്കൂൾ ഫുട്ബോളിലെ വലിയ ശക്തിയായിരുന്നു. കൊച്ചി രാജ്യത്തെ മികച്ച പല സ്കൂളുകളെയും തോൽപ്പിച്ചുകൊണ്ട് ഒല്ലൂർ സ്ക്കൂൾ 1944, 45, 46 വർഷങ്ങളിൽ ചാമ്പ്യന്മാരായി.


1952-ലെ സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ തിരു-കൊച്ചി സംസ്ഥാനത്തിൻറെ ക്യാപ്റ്റൻ ആയിരുന്നത് ഒല്ലൂരിൻറെ സംഭാവനയായ പോൾ സി കൊച്ചപ്പൻ ആയിരുന്നു.അന്നത്തെ പേരുകേട്ട റഫറി ഐയ്പ്പുണ്ണി കുര്യനും ഒല്ലൂർക്കാരനായിരുന്നു. ഇതു കൂടാതെ അന്നത്തെ പ്രതിഭാധനരായ കളിക്കാരിൽ പലരും ഒല്ലൂരിൽ നിന്നുള്ളവരായിരുന്നു.ഫെർഗുസൺ ക്ളബ്ബ് നിലനിന്നിരുന്ന സ്ഥലം ഇന്ന് കാട്ടൂക്കാരൻ അങ്ങാടി എന്നപേരിലാണ് അറിയപ്പെടുന്നത്. ക്ളബ്ബ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇന്നില്ല. അതിനോടു ബന്ധപ്പെട്ട് ഒരു മാർബിൾ ശിലാഫലകം ഇപ്പോഴും ഇവിടെയുണ്ട്.പ്രസ്തുത ശിലാഫലകം ഇപ്പോഴുള്ള ഷോപ്പിംഗ് കോംപ്ളെസിൻറെ നിർമ്മാണത്തിന് തടസ്സമായി നിന്നതിനെ തുടർന്ന് നീക്കം ചെയ്യപ്പെട്ടുവെങ്കിലും ചരിത്ര തല്പരരായ ഏതാനും പ്രദേശവാസികളുടെ സമ്മർദ്ദത്തെ തുടർന്നു പഴയ രീതിയിൽ പുനഃസ്ഥാപിച്ചു.

ഇന്ന്, ഒരു ലക്ഷത്തിലധികം ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബിൽ കേരളത്തിലെ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും ഉൾപ്പെടുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വാവിൻ നാളിലെ കടലിരമ്പം പോലെ അവരുടെ ആരവമുയരുമ്പോൾ ഫുട്ബോൾ കളിക്ക് ഈ നാട്ടിൽ വിത്തുപാകിയ ഫെർഗുസൺ ക്ലബ്ബിനോട് നമുക്ക് നന്ദി പറയാം.

കടപ്പാട് : ഉല്ലാസ് കൃഷ്‌ണൻ ( ദി ഗാംഗ്സ് ഓഫ് തൃശൂർ )