അർജന്റീന ടീമിൽ ലയണൽ മെസ്സിയുടെ പ്രാധാന്യത്തെക്കുറിച്ച് പരിശീലകനായ ലയണൽ സ്‌കലോനി |Lionel Messi

ഫിഫ ലോകകപ്പിന് മൂന്ന് മാസം മാത്രമാണ് അവശേഷിക്കുന്നത്.ലയണൽ മെസ്സിക്ക് ഈ ടൂർണമെന്റ് അവസാനത്തേതാണെന്ന് കണക്കിലെടുത്ത് വളരെയധികം സമ്മർദ്ദം നേരിടുന്ന ടീമുകളിലൊന്നാണ് അർജന്റീന ദേശീയ ടീം. ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമും അർജന്റീന തന്നെയാണ്.

2018-ലെ വേൾഡ് കപ്പിലെ പ്രീ ക്വാർട്ടറിൽ പുറത്തായതിന് ശേഷം ലയണൽ സ്കലോനിയെ പുതിയ മാനേജർ ആയി അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമിച്ചിരുന്നു. അതിനു ശേഷം അർജന്റീനയെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ സ്കെലോണിക്ക് സാധിച്ചു. അര്ജന്റീന ജേഴ്സിയിൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിൽ കാണാൻ സാധിക്കുകയും ചെയ്തു. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യ അന്താരാഷ്ട്ര കിരീടം നേടുകയും ചെയ്തു. സ്കെലോണി അര്ജന്റീന ടീമിൽ ലയണൽ മെസ്സിയുടെ പ്രാധാന്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തു.

“മെസ്സി എപ്പോഴെങ്കിലും മോശമായി കളിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അദ്ദേഹം എപ്പോഴും ടീമിനെ സഹായിച്ചു കൊണ്ടിരിക്കുകയാണ് . അദ്ദേഹം ദേശീയ ടീമിനോട് സ്നേഹം കാണിച്ചു. അത് തന്റെ ടീമംഗങ്ങളിൽ പ്രതിഫലിക്കുന്നു. ഇപ്പോഴും വിജയിക്കാനുള്ള ആഗ്രഹം കാണിക്കുകയും ചെയ്യുന്നു. ദേശീയ ടീമിനൊപ്പം കളിക്കാൻ മെസ്സി ഇപ്പോഴും താല്പര്യപ്പെടുകയും ചെയ്യുന്നുണ്ട് ” പരിശീലകൻ പറഞ്ഞു.

അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെല്ലാം മെസ്സിയിലാണ് ,കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെസ്സി അർജന്റീന ടീമിൽ പുറത്തെടുക്കുന്ന സ്ഥിരതയാർന്ന പ്രകടനം തന്നെയാണ് ഇതിനു കാരണം. ഫോമിലാണെങ്കിൽ ലയണൽ മെസ്സി ടീമിന് എത്ര വലിയ മുതൽക്കൂട്ടാണ് എന്നതിനെക്കുറിച്ച് പുതുതായി ഒന്നും പറയാനില്ല.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ മെസ്സി ക്ലബ്ബിന് വേണ്ടി ചെയ്ത കാര്യങ്ങൾ ദേശീയ ടീമിന് വേണ്ടി കൃത്യമായി ചെയ്തിട്ടുണ്ടോ എന്നത് ഒരു വർഷം മുമ്പുള്ള ഏറ്റവും വലിയ ചോദ്യമാണ്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം നേടിയതോടെ സംശയമുള്ളവരുടെ ആ ചോദ്യത്തിന് വിരാമമിട്ടു, ബാക്കിയുള്ളത് ലോകകപ്പ് മാത്രം. അതും ഈ വര്ഷം നേടും എന്ന വിശ്വാസത്തിലാണ് ആരാധകർ.