❝പിഎസ്ജിക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന മെസ്സി-നെയ്മർ കൂട്ടുകെട്ട് വീണ്ടും സജീവമാവുമ്പോൾ❞

ലയണൽ മെസ്സിയും നെയ്‌മറും ബാഴ്സലോണ ദിനങ്ങളെ ഓർമിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തപ്പോൾ പാരീസ് സെന്റ് ജെർമെയ്ൻ ഗാംബ ഒസാക്കയെ 6-2 ന് തകർത്ത് അവരുടെ പ്രീ-സീസൺ ജപ്പാൻ പര്യടനം മൂന്നിൽ മൂന്ന് വിജയങ്ങളുമായി പൂർത്തിയാക്കി.സ്റ്റാർ ഫോർവേഡുകൾ ഇരുവരും ഒസാക്കയിൽ ആദ്യ 70 മിനിറ്റ് കളിക്കുകയും സ്കോർ ഷീറ്റിൽ ഇടം നേടുകയും ചെയ്തു. നെയ്മർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മെസ്സി ഒരു ഗോൾ നേടി പട്ടികയിൽ ഇടം പിടിച്ചു.രണ്ടാം പകുതിയിൽ മെസ്സിയുടെ മനോഹരമായ പാസിൽ നിന്നാണ് നെയ്മർ തന്റെ രണ്ടാം ഗോൾ നേടിയത്.

പ്രീ സീസണിൽ മികച്ച ഫോം തുടരുന്ന നെയ്മർ മത്സരത്തിൽ ഇരട്ട ഗോളുകളും അസിസ്റ്റും രജിസ്റ്റർ ചെയ്തു. ലയണൽ മെസ്സി മികച്ച നീക്കങ്ങളുമായി ഒസാക്ക പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു.ഫുട്ബോൾ മൈതാനത്ത് നെയ്മറും മെസ്സിയും എപ്പോഴും ഒരു പ്രത്യേക ബന്ധം പങ്കുവെച്ചിട്ടുണ്ട്.മത്സരത്തിൽ പലപ്പോഴും ഇരുവരുടെയും പല നീക്കങ്ങൾ കാണുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കും. ഇവർ തമ്മിലുള്ള കണക്ഷൻ ഇപ്പോഴും സജീവമാണെന്നും വരാനിരിക്കുന്ന സീസണിൽ ഇത് PSG-ക്ക് ശരിക്കും ഗുണകരമായിരിക്കും. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം രണ്ടു താരങ്ങൾക്കും കൂടുതൽ മത്സരങ്ങളിൽ ഒരുമിച്ച് കളിയ്ക്കാൻ സാധിച്ചിരുന്നില്ല. വരുന്ന സീസണിൽ ഇരുവരും ഒത്തൊരുമിച്ച് നിന്നാൽ പാരീസ് ക്ലബ് പലതും സ്വന്തമാക്കും എന്നുറപ്പാണ്.

നെയ്മറും മെസ്സിയും ബാഴ്‌സലോണയിൽ ഉളള സമയം മുതൽ തന്നെ കളിക്കളത്തിന് അകത്തും പുറത്തും ശക്തമായ ബന്ധം സൂക്ഷിക്കുന്നവരാണ്.2017ൽ നെയ്മർ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയപ്പോഴും ബ്രസീലിയൻ താരവും അർജന്റീനക്കാരനും ബന്ധം നഷ്ടപ്പെട്ടിട്ടില്ല. തന്റെ പ്രയാസകരമായ സമയങ്ങളിൽ സഹായിച്ച വ്യക്തിയെ നെയ്മർ തീർച്ചയായും മറന്നിട്ടില്ല. അതിനാൽ ലിയോയെ സൈൻ ചെയ്യാൻ പിഎസ്ജിക്ക് അവസരം ലഭിച്ചപ്പോൾ, തന്റെ സുഹൃത്ത് പാരീസിൽ എത്തിയെന്ന് ഉറപ്പാക്കാൻ നെയ്മർ സാധ്യമായതെല്ലാം ചെയ്തു.തന്റെ പത്താം നമ്പർ ഷർട്ട് നൽകാനും ലിയോയ്ക്ക് നൽകാനും നെയ്മർ തയ്യാറായിരുന്നു, പക്ഷേ മെസ്സി അത് നിരസിക്കുകയും പകരം 30 നമ്പർ ഷർട്ട് തിരഞ്ഞെടുക്കുകയും ചെയ്തു.

മത്സരത്തിൽ 28ാം മിനിറ്റിൽ പാബ്ലോ സരബിയയിലൂടെയാണ് പി.എസ്.ജി ഗോൾവേട്ട ​തുടങ്ങിയത്. 32ാം മിനിറ്റിൽ നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് വർധിപ്പിച്ചു. എന്നാൽ, 34ാം മിനിറ്റിൽ കെയ്‌സുകെ കുറോകാവ ജാപ്പനീസ് ടീമിന് വേണ്ടി ഒരു ഗോൾ മടക്കി. 37ാം മിനിറ്റിൽ ന്യൂനോ മെൻഡസും 39ാം മിനിറ്റിൽ ലയണൽ മെസ്സിയും ഗോൾ നേടിയതോടെ സ്കോർ 4-1 ആയി.60ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നെയ്മർ പി.എസ്.ജിക്കായി അഞ്ചാം ഗോൾ നേടി. 70ാം മിനിറ്റിൽ ഹിരോട്ടോ യമാമി ഗാംബ ഒസാക്കക്കായി ഒരു ഗോൾ കൂടി മടക്കി. പകരക്കാരനായി എത്തിയ എംബാപ്പെ 86ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഗോൾ പട്ടിക പൂർത്തിയായി.