റൊണാൾഡോക്കൊപ്പം പോർച്ചുഗലിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച താരം|Nani

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച വിങ്ങർമാരിൽ ഒരാളാണ് പോർച്ചുഗീസ് താരം നാനി. ലൂയിസ് കാർലോസ് അൽമേഡ ഡ കുൻഹ എന്നാണ് യഥാർത്ഥ പേര്, എന്നാൽ ഫുട്ബോൾ ലോകത്ത് അദ്ദേഹം അറിയപ്പെടുന്നത് നാനി എന്നാണ്. ഇന്ന് 17 നവംബർ 2022 മുൻ പോർച്ചുഗൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം നാനി തന്റെ 36-ാം ജന്മദിനം ആഘോഷിക്കുകയാണ്.നാനി നിലവിൽ ഓസ്‌ട്രേലിയൻ ക്ലബ് മെൽബൺ വിക്ടറിക്ക് വേണ്ടിയാണ് കളിക്കുന്നത്.

2005ൽ പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിംഗ് സിപിയിലൂടെയാണ് നാനി തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന്, 21 കാരനായ നാനിയെ 25.5 മില്യൺ യൂറോയ്ക്ക് സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിച്ചു. ഫെർഗൂസന്റെ തീരുമാനം തെറ്റിയില്ല, പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിന്റെ പ്രധാന ഭാഗമായി മാറിയ നാനി ഇപ്പോൾ ക്ലബ്ബിന്റെ ഇതിഹാസ താരമാണ്. 2007 മുതൽ 2015 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമാണ് നാനി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം പ്രീമിയർ ലീഗിൽ ചെലവഴിച്ചത്.

പ്രീമിയർ ലീഗിലെ 26 ഗോളുകൾ ഉൾപ്പെടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 230 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളും 73 അസിസ്റ്റുകളും നാനി നേടിയിട്ടുണ്ട്.20-ലധികം പ്രീമിയർ ലീഗ് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരിൽ ബോക്സിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ സ്കോറർ നേടുന്ന രണ്ടാമത്തെ താരമാണ് നാനി.മാത്രമല്ല പോർച്ചുഗീസ് താരങ്ങളിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരമാണ് നാനി.

കൂടുതൽ ഗോളുകൾ നേടുന്നതിനുപകരം മറ്റുള്ളവരെ ഗോളുകൾ നേടാൻ സഹായിക്കുന്നതിൽ നാനി മികവ് പുലർത്തി. നാനിയുടെ മനോഹരമായ ക്രോസ്സുകളും പ്രശസ്തമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം നാനി ഫെനർബാഷെ, വലൻസിയ, ലാസിയോ, ഒർലാൻഡോ സിറ്റി തുടങ്ങിയ വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2006 മുതൽ 2017 വരെ പോർച്ചുഗൽ ദേശീയ ടീമിന്റെ ഭാഗമായിരുന്ന നാനി 112 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി. 2016 യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിന്റെ ഭാഗമായിരുന്നു നാനി.

Rate this post