റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവരുടെ അവസാന മത്സരങ്ങളിലെ ഫലം രാജസ്ഥാൻ റോയൽസിന്റെ ഭാവി തീരുമാനിക്കും

കഴിഞ്ഞ ദിവസം ധർമ്മശാലയിൽ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 4 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ എല്ലാം പൂർത്തിയായിരിക്കുകയാണ്. 14 കളികളിൽ നിന്ന് 7 വിജയങ്ങളും 7 പരാജയവും ഉൾപ്പെടെ 14 പോയിന്റുകൾ ഉള്ള രാജസ്ഥാൻ റോയൽസ് നിലവിൽ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

എന്നിരുന്നാലും, ഇപ്പോഴും രാജസ്ഥാൻ റോയൽസിന് അവരുടെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വന്നിട്ടില്ല. പ്രധാനമായും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ ആണ് രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകളെ വെല്ലുവിളിക്കുന്നത്. അതുകൊണ്ടുതന്നെ, രാജസ്ഥാൻ റോയൽസിന് അവരുടെ ഭാവി എന്താകും എന്ന് അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവരുടെ അവസാന മത്സരങ്ങളിലെ ഫലം ആയിരിക്കും രാജസ്ഥാൻ റോയൽസിന്റെ ഭാവി തീരുമാനിക്കുക.

+0.148 ആണ് രാജസ്ഥാൻ റോയൽസിന്റെ നെറ്റ് റൺ റേറ്റ്. അതേസമയം, +0.180 ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നെറ്റ് റൺ റേറ്റ്. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ 19.4 ഓവറിൽ ആണ് രാജസ്ഥാൻ റോയൽസിന് വിജയലക്ഷ്യം മറികടക്കാൻ സാധിച്ചത്. ഒരുപക്ഷേ, റോയൽസിന് 18.3 ഓവറിൽ ആ വിജയലക്ഷ്യം മറികടക്കാൻ സാധിച്ചിരുന്നെങ്കിൽ, നെറ്റ് റൺ റേറ്റിൽ രാജസ്ഥാൻ റോയൽസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടക്കാൻ സാധിക്കുമായിരുന്നു.

നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അവസാന മത്സരം. ഈ മത്സരത്തിൽ ആർസിബി കുറഞ്ഞത് അഞ്ച് റൺസിനെങ്കിലും പരാജയപ്പെട്ടാൽ മാത്രമേ, രാജസ്ഥാൻ റോയൽസിന് നെറ്റ് റൺ റേറ്റിൽ റോയൽ ചലഞ്ച് ബാംഗ്ലൂരിനെ മറികടക്കാൻ സാധിക്കുകയുള്ളൂ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് അവരുടെ അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയും കൂടി ചെയ്താൽ, രാജസ്ഥാൻ റോയൽസിന് പ്ലേഓഫ് ഉറപ്പിക്കാം.

5/5 - (1 vote)