❝89 പന്തിൽ സെഞ്ച്വറി നേടി എംഎസ് ധോണിയുടെ 17 വര്ഷം മുൻപുള്ള റെക്കോർഡ് തകർത്ത് ഋഷഭ് പന്ത്❞ |Rishabh Pant

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ തുടക്കം പതറിയെങ്കിലും വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടി ഇന്ത്യയെ കളിയിലേക്ക് തിരിച്ചു കൊണ്ട് വന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ മികച്ച ഫോമിൽ തുടരുന്ന പന്ത് തന്റെ ഇന്നിംഗ്സിന്റെ 89-ാം പന്തിൽ തന്റെ സെഞ്ച്വറി നേടി.

പന്ത് തന്റെ അവസാന നാല് ടെസ്റ്റുകളിലും 50+ സ്‌കോറുകൾ നേടിയിട്ടുണ്ട്.എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിൽ, ആദ്യ രണ്ട് സെഷനുകളിൽ വിക്കറ്റുകളുടെ കുത്തൊഴുക്കിന് ശേഷം പന്ത് ഇന്ത്യൻ ഇന്നിംഗ്‌സ് സുസ്ഥിരമാക്കി. 58-ാം ഓവറിൽ പന്ത് സെഞ്ച്വറി തികക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ പന്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്.111 പന്തിൽ നിന്നും 19 ബൗണ്ടറിയും നാല് സിക്‌സും അടക്കം 146 റൺസ് നേടിയ പന്തിനെ റൂട്ടാണ് പുറത്താക്കിയത്.

2018-ൽ ഓവലിൽ നടന്ന തന്റെ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ആണ് ആദ്യ സെഞ്ച്വറി നേടിയത്.കഴിഞ്ഞ വർഷം അഹമ്മദാബാദിൽ 118 പന്തിൽ നിന്ന് 101 റൺസ് നേടി രണ്ടാമത്തെ ശതകവും നേടിയിരുന്നു.ഈ ഇന്നിംഗ്‌സോടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന എംഎസ് ധോണിയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡാണ് പന്ത് തകർത്തത്. 2005ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിനിടെ 93 പന്തുകളിൽ നിന്നാണ് ധോണി ഈ നേട്ടം കൈവരിച്ചത്.ഇംഗ്ലീഷ് മണ്ണിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും പന്ത് സ്വന്തമാക്കി. ഏഷ്യയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്.മറ്റെല്ലാ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർമാർക്കും കൂടി മൂന്ന് സെഞ്ച്വറി മാത്രമാണ് നേടിയത്.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കോവിഡ് -19 പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം പുറത്തായ രോഹിത് ശർമ്മയുടെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്..ശുഭ്മാൻ ഗില്ലും (17) താൽക്കാലിക ഓപ്പണർ ചേതേശ്വര് പൂജാരയും (13) കുറഞ്ഞ നിരക്കിൽ പുറത്തായതോടെ ഇന്ത്യ മോശം തുടക്കമാണ് നേരിട്ടത്. ബർമിംഗ്ഹാമിൽ മഴ കളി നിർത്തിയപ്പോൾ ഇന്ത്യ 53/2 എന്ന നിലയിലായിരുന്നു, പുനരാരംഭിച്ചതിന് ശേഷം, ഹനുമ വിഹാരി (20), വിരാട് കോഹ്‌ലി (11) എന്നിവർ തുടർച്ചയായി പുറത്തായതോടെ ടീമിന് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.

വെറ്ററൻ ബൗളർ ജെയിംസ് ആൻഡേഴ്സൺ തന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയപ്പോൾ ശ്രേയസ് അയ്യരും (15) പുറത്തായി.രണ്ടാം സെഷൻ അവസാനിക്കുമ്പോൾ 32 റൺസുമായി പുറത്താകാതെ നിന്നു ജാഗ്രത പാലിച്ച രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഋഷഭ് പന്ത് തന്റെ ഉജ്ജ്വലമായ അർധസെഞ്ചുറിയിലൂടെ ഇന്ത്യൻ ഇന്നിംഗ്‌സിനെ സ്ഥിരപ്പെടുത്തി.അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിട്ട് നിൽക്കുന്നു. ഒന്നാമത്തെ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എടുത്തിട്ടുണ്ട് .83 റൺസുമായി ജഡേജയും റൺസൊന്നും എടുക്കാതെ ഷാമിയുമാണ് ക്രീസിൽ.

Rate this post