ഖത്തർ വേൾഡ് കപ്പിൽ കാമറൂണിന്റെ കുതിപ്പിന് ശക്തി പകരുന്ന താരം: എറിക് മാക്സിം ചൗപോ-മോട്ടിംഗ് |Eric Maxim Choupo-Moting |Qatar 2022

ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ആര് നേരും എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരുകൾ പോളിഷ് സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോസ്‌കി , ലയണൽ മെസ്സി , നെയ്മർ ,ഹാരി കെയ്ൻ , എംബപ്പേ എന്നിവരുടേതായിരിക്കും.എന്നാൽ ബയേൺ മ്യൂണിക്കിന്റെ കാമറൂണിയൻ സ്‌ട്രൈക്കർ എറിക് മാക്സിം ചൗപോ-മോട്ടിംഗിന്റെ പേര് ലോകകപ്പിൽ ടോപ് സ്‌കോറർ ആവാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇടം പിടിക്കും എന്നുറപ്പാണ്.

താരത്തിന്റെ പേര് സാധ്യത പട്ടികയിൽ എങ്ങനെ വന്നു എന്നതെന്തിനെക്കുറിച്ച് സംശയം തോന്നുന്നുവെങ്കിലും ഈ സീസണിലെ കാമറൂൺ താരത്തിന്റെ റെക്കോർഡ് മാത്രം പരിശോധിച്ചാൽ മതിയാവും അത് മാറ്റിയെടുക്കാൻ.ഈ സീസണിൽ ബയേണിനായി 16 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും മൂന്നു അസ്സിസ്റ്റ്മാണ് താരം നേടിയത്. കാമറൂണിന് വേണ്ടിയും നിരവധി ഗോളുകൾ 33 കാരൻ നേടിയിട്ടുണ്ട്.ലോകകപ്പിന് മുന്നോടിയായി കാമറൂണും പനാമയും തമ്മിൽ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ കാമറൂണിന് വേണ്ടി ഗോൾ നേടിയത് മാക്‌സിം ചൗപോ-മോട്ടിംഗ് ആണ്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.

സ്വിറ്റ്‌സർലൻഡ്, ബ്രസീൽ, സെർബിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് കാമറൂൺ. നവംബർ 24ന് സ്വിറ്റ്സർലൻഡിനെതിരെയാണ് കാമറൂണിന്റെ ആദ്യ ലോകകപ്പ് മത്സരം. തുടർന്ന് നവംബർ 28ന് സെർബിയയെയും ഡിസംബർ 3ന് ബ്രസീലിനെയും കാമറൂൺ നേരിടും. യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന മികച്ച താരങ്ങളുമായി വലിയ പ്രതീക്ഷകളുമായാണ് കാമറൂൺ ഖത്തർ ലോകകപ്പിനെത്തുന്നത്.എറിക് മാക്സിം ചൗപോ-മോട്ടിംഗ് ജന്മം കൊണ്ട് ജർമ്മൻ കാരനാണെങ്കിലും നിലവിൽ കാമറൂൺ ദേശീയ ടീമിൽ അംഗമാണ്. ഒരു ജർമ്മൻ അമ്മയ്ക്കും കാമറൂണിയൻ പിതാവിനും ജനിച്ച ചൗപോ-മോട്ടിംഗ് ജർമ്മനിയിൽ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചു.

ഹാംബർഗർ എസ്‌വിയുടെ യൂത്ത് അക്കാദമിയിൽ മികവ് തെളിയിച്ചതിന് ശേഷം, ചൗപോ-മോട്ടിങ്ങിനെ ഹാംബർഗർ എസ്‌വിയുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു, പിന്നീട് ബുണ്ടസ്‌ലിഗ ക്ലബ്ബുകളായ മെയിൻസ് 05, ഷാൽകെ 04 എന്നിവയ്ക്കായി കളിച്ചു.പ്രീമിയർ ലീഗിലെ സ്റ്റോക്ക് സിറ്റി താരമായ ചൗപോ-മോട്ടിംഗ്, 2018-2020 വരെയുള്ള രണ്ട് സീസണുകളിൽ പാരീസ് സെന്റ് ജെർമെയ്‌നിനായി ലീഗ് 1-ലും കളിച്ചു. ഒടുവിൽ 2020ൽ ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ്ലിഗയിലേക്ക് മടങ്ങി. ഒരു വർഷത്തെ കരാറിലാണ് ചൗപോ-മോട്ടിംഗ് ബയേൺ മ്യൂണിക്കിൽ ചേർന്നത്. ബയേൺ മ്യൂണിക്കിനായി ആദ്യ സീസണിൽ 9 ഗോളുകൾ നേടിയ ചൗപോ-മോട്ടിംഗ് പിന്നീട് ബയേണുമായുള്ള കരാർ നീട്ടി.

ബയേണിൽ ചൗപോ-മോട്ടിങ്ങിന്റെ റോൾ മുൻ സീസണുകളിൽ പകരക്കാരനായ സ്‌ട്രൈക്കറായിരുന്നു. എന്നിരുന്നാലും, ബയേണിന്റെ പ്രധാന സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി 2022 സീസണിന് മുന്നോടിയായി ക്ലബ് വിട്ടതോടെ, 2022 സീസണിൽ ചൗപോ-മോട്ടിങ്ങിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നിരുന്നാലും പരിക്ക് കാരണം ചൗപോ-മോട്ടിങ്ങിന് സീസണിന്റെ ആദ്യകാല ഗെയിമുകളെല്ലാം നഷ്‌ടമായി.ചൗപോ-മോട്ടിംഗ് പിന്നീട് സെപ്റ്റംബറിൽ ഫീൽഡിൽ തിരിച്ചെത്തി. പരിക്കേറ്റ് തിരിച്ചെത്തിയതിന് ശേഷം പകരക്കാരനായാണ് ചൗപോ-മോട്ടിങ്ങിനെ ആദ്യം പരിഗണിച്ചിരുന്നത്.

തുടർന്നുള്ള പല മത്സരങ്ങളിലും ബയേൺ മ്യൂണിക്കിന്റെ ആദ്യ ഇലവനിൽ ചൗപോ-മോട്ടിങ്ങിനെ ഉൾപ്പെടുത്തി. ഈ സീസണിൽ ഇതുവരെ ആദ്യ ഇലവനിൽ കളിച്ചിട്ടുള്ള എല്ലാ മത്സരങ്ങളിലും ചൂപ്പോ-മോട്ടിംഗ് സ്കോർ ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 33 കാരനായ ചൗപോ-മോട്ടിംഗ് ബയേണിനായി തന്റെ അവസാന 4 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്‌സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും കാമറൂണിയൻ സ്‌ട്രൈക്കർ ഒരു ഗോൾ നേടിയിരുന്നു. 2010 മുതൽ കാമറൂൺ ദേശീയ ടീമിലുളള താരം അവർക്കായി 69 മത്സരങ്ങളിൽ നിന്നായി 19 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post